സങ്കടക്കടലാവുകയാണ് ഉരുള്‍പൊട്ടലില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പട്ട കവളപ്പാറ.കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം രക്ഷാപ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല.54 ഓളം പേര് ഇപ്പോഴും മണ്ണിനടിയിലാണ്.അതേസമയം സ്വന്തം നിലയ്ക്ക് രക്ഷാപ്രവര്‍ത്തനം നടത്തി നാടിന്റെ നൊമ്പരമാവുകയാണ് ഒരച്ഛന്.
കവളപ്പാറ സ്വദേശി വിക്ടര്‍ കഴിഞ്ഞ രാത്രി മുഴുവന്‍ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ മകളെ തിരയുകയാണ്. വിക്ടറിനറിയാം മണ്ണ് മൂടിയ കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ മകള്‍ അകപ്പെട്ടുപോയിട്ടുണ്ടെന്ന്. രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാന്‍ എത്തിയ നാട്ടുകാര്‍ കാണുന്നത് കോണ്‍ക്രീറ്റ് പൊട്ടിക്കുന്ന വിക്ടറിനെയാണ്.
ഉരുള്‍പൊട്ടി മുത്തപ്പന് മല ഒലിച്ചിറങ്ങി ആദ്യമെത്തിയത് വിക്ടറിന്റെ വീട്ടിലേക്കാണ്. അനിയന്റെ കുട്ടിയും വിക്ടറിന്റെ മകളും അപ്പോള്‍ കെട്ടിപിടിച്ചു കിടക്കുകയായിരുന്നു. സ്ഥലത്ത് ആദ്യമെത്തിയവര്‍ ഒരുകുട്ടിയെ വലിച്ച് പുറത്തെടുത്തു. അപ്പോഴേക്കും വീണ്ടും മണ്ണിടിഞ്ഞ് വന്ന് കോണ്‍ക്രീറ്റ് സ്ലാബ് അമര്‍ന്നു പോയി. വിക്ടറിന്റെ മകള്‍ അതിനകത്തായി.
വഴികളെല്ലാം തടസപ്പെട്ടിരുന്നതിനാല്‍ വീട്ടിലെത്താന്‍ വൈകിയ വിക്ടര്‍ തിരിച്ചെത്തുമ്പോഴേക്ക് എല്ലാം അവസാനിച്ചിരുന്നു.
രക്ഷാപ്രവര്‍ത്തകര്‍ ജോലി തുടങ്ങുന്നത് കാത്ത് നില്ക്കാന് വിക്ടറെന്ന അച്ഛന് കഴിയുന്നില്ല. കനത്ത മഴയും മണ്ണിടിച്ചില്‍ മുന്നറിയിപ്പുമെല്ലാം അവഗണിച്ച് സ്വന്തം നിലയ്ക്ക് കോണ്‍ക്രീറ്റ് പൊട്ടിച്ച് കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് വിക്ടര്‍.
Discussion about this post