ഇന്ത്യൻ ഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് പറഞ്ഞു. 22 ഇന്ത്യൻ ഭാഷകളെയും പ്രോത്സാഹിപ്പിക്കും. ഇന്ത്യൻ ഭാഷയല്ലെങ്കിലും ഇംഗ്ലീഷ് ഉപയോഗിക്കുന്നതിനെ കേന്ദ്രസർക്കാർ എതിർക്കുന്നില്ല. രാജ്യത്തെ ഒരു സംസ്ഥാനത്തും ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ല.
കേന്ദ്ര സർക്കാർ കരട് നാഷണൽ എഡ്യുക്കേഷൻ പോളിസിയിൽ ഹിന്ദി നിർബന്ധിതമായി പഠിപ്പിക്കണമെന്ന് നിർബന്ധമാക്കിയതിനെ ചൊല്ലിയുളള വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങൾ എന്തിനാണ് ഏതെങ്കിലും ഭാഷ അടിച്ചേൽപ്പിക്കുന്നത്. എല്ലാ ഇന്ത്യൻ ഭാഷകളും ശക്തിപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ എല്ലായ്പ്പോഴും പ്രവർത്തിച്ചിട്ടുണ്ട്. സർക്കാർ ഇംഗ്ലീഷ് ഭാഷയെ എതിർക്കുന്നില്ല. അത് പഠിക്കുകയും പഠിപ്പിക്കുകയും വേണം പോഖ്രിയാൽ കൂട്ടിച്ചേർത്തു.
മേക്ക് ഇൻ ഇന്ത്യ, സ്കിൽ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ട് അപ്പുകൾ മുതലായ പദ്ധതികൾ യുവത്വത്തിന് കൂടുതൽ പ്രയോജനപ്പെടും. യുവതയുടെ കഴിവുകൾ വികസിപ്പിക്കാനും അതു വഴി രാജ്യത്തിന്റെ വികസനത്തിനുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
Discussion about this post