രാജ്യത്തെ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നതിനിടെയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. നിയമ സഭ – ലോക്സഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കേണ്ട കാലമായെന്നും പ്രധാനമന്ത്രി പറഞ്ഞു.ഒരു രാജ്യം ഒരു ഭരണഘടന എന്ന ലക്ഷ്യത്തിലേക്ക് രാജ്യമെത്തിയെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ആത്മാവ് യാഥാർത്ഥ്യത്തിലേക്ക് എത്തിയിരിക്കുകയാണ്. ഒരു രാജ്യം, ഒരു ഭരണഘടന എന്നത് ഇപ്പോൾ സാധ്യമായിരിക്കുകയാണ്. 2019ൽ താനാകെ അമ്പരന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ മനോഭാവം മാറിയിരിക്കുന്നു. നിരാശ മാറി ശുഭാപ്തി വിശ്വാസവും സ്വപ്നങ്ങൾ സാധ്യമാക്കാൻ ഉതകുന്ന തീരുമാനങ്ങളും ഉണ്ടായിരിക്കുന്നു. ഒരു രാജ്യം ഒരു നികുതി എന്ന രാജ്യത്തിന്റെ സ്വപ്നം സഫലമാക്കാൻ ജി എസ് ടിക്ക് കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഊർജ്ജമേഖലയെക്കുറിച്ച് പരാമർശം നടത്തിയപ്പോൾ ഒരു രാജ്യവും ഒരു വിതരണ ശൃംഖലയുമാണ് ഇപ്പോൾ ഉള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ നടക്കുന്ന ക്രമീകരണങ്ങൾ ഒരു രാജ്യം, ഒരു മൊബിലിറ്റി കാർഡ് എന്നതിലേക്ക് എത്തിക്കും. ഇനി രാജ്യത്തിന് വേണ്ടത് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post