രാജ്യത്തിന് മുഖ്യ സേനാ മേധാവി ഉണ്ടാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിലൂടെ പൂവണിയാൻ പോകുന്നത് മുൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ സ്വപ്നമാണ്.
‘നമ്മുടെ സുരക്ഷാ സേനകൾ നമ്മുടെ അഭിമാനമാണ്. നമ്മുടെ സേനകൾക്കിടയിലെ ഏകോപനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഞാൻ ഇന്ന് ഒരു വലിയ പ്രഖ്യാപനം നടത്തുകയാണ്. ഇന്ത്യക്ക് ഇനി ഒരു മുഖ്യ സേനാ മേധാവി ഉണ്ടായിരിക്കും . ഇത് നമ്മുടെ സേനകളെ കൂടുതൽ ശക്തിപ്പെടുത്തും.‘ ഇതായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
മൂന്ന് സേനകൾക്കും കൂടി ഒരു സേനാ മേധാവി എന്ന ആശയത്തിന് ചിറക് മുളച്ചത് വാജ്പേയ് സർക്കാരിന്റെ കാലത്താണ്. അന്ന് ഉപപ്രധാനമന്ത്രിയായിരുന്ന എൽ കെ അദ്വാനിയായിരുന്നു ആശയം സജീവമായ ചർച്ചക്ക് വെച്ചത്. തീരുമാനം നടപ്പിലാക്കനുള്ള കരട് നയരൂപീകരണവും നടന്നിരുന്നു. എന്നാൽ പിന്നീട് വന്ന യുപിഎ സർക്കാരുകൾ തീരുമാനത്തോട് മുഖം തിരിക്കുകയായിരുന്നു.
എന്നാൽ ആ കാലയളവിനുള്ളിൽ ലോകത്തെ പ്രബല രാഷ്ട്രങ്ങളൊക്കെ അത്തരമൊരു നിയമനം നടത്തിയിരുന്നു.
1962ലെ ചൈനാ യുദ്ധകാലത്ത് സൈന്യത്തിനിടയിലെ ഏകോപനമില്ലായ്മ ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. അന്ന് വ്യോമസേനയുടെ സേവനം പലപ്പോഴും ലഭ്യമാക്കാൻ വൈകിയത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. എന്നാൽ സർവ്വസജ്ജമായിരുന്നു വ്യോമസൈനികരെന്നതും ഒരു വിരോധാഭാസമായിരുന്നു.
1971ലെ ബംഗ്ലാദേശ് യുദ്ധത്തിൽ ഇന്ത്യ വിജയം വരിച്ചുവെങ്കിലും മൂന്ന് സേനകളെയും ഏകോപിപ്പിക്കാൻ ഒരു മേധാവി എന്ന ആശയം അന്നും സൈനിക വൃത്തങ്ങളിൽ ചർച്ചയായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ സൈനിക വിന്യാസം അതേപടി പിന്തുടരുന്നതിന്റെ പോരായ്മകൾ കാർഗിൽ യുദ്ധ വിജയത്തിന് ശേഷം വീണ്ടും ഉയർന്ന് വന്നു. എന്നാൽ അന്നത്തെ പ്രധാനമന്ത്രി അടൽജി വിഷയം ശ്രദ്ധാപൂർവ്വം പരിഗണിക്കുകയും തുടർനടപടികൾ ഉപപ്രധാനമന്ത്രി അദ്വാനിയെ ഏൽപ്പിക്കുകയുമായിരുന്നു. അദ്ദേഹമാകട്ടെ വിഷയത്തെ ഗൗരവമായി സമീപിക്കുകയും നടപടികൾക്ക് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട് സേനകൾക്കിടയിൽ ഉയർന്നു വന്ന സംശയങ്ങൾ ദൂരീകരിക്കാനോ തുടർനടപടികളുമായി മുന്നോട്ട് പോകാനോ പിന്നീട് വന്ന സർക്കാരുകൾ ശ്രമിച്ചില്ല. എന്നാൽ അടൽജിയുടെ ആശയത്തിന്റെ പ്രസക്തി മനസ്സിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചു. സൈനിക മേധാവികളുമായും സേനാവിദഗ്ദ്ധന്മാരുമായും കൂടിയാലോചനകൾ നടത്തി. വ്യോമസേനയടക്കമുള്ള വിവിധ സൈനിക- അർദ്ധ സൈനിക വിഭാഗങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുകയും അഭിപ്രായ ഏകീകരണം ഉണ്ടാക്കുകയും ചെയ്തു.
മൂന്ന് സേനാവിഭാഗങ്ങളെയും ഏകോപിപ്പിക്കാൻ മുഖ്യ സേനാ മേധാവി വരുന്നതോടെ വിവിധങ്ങളായ സേനാ നീക്കങ്ങൾ അതിവേഗം നടപ്പിലാക്കാൻ സൈന്യത്തിന് സാധിക്കും. മിന്നലാക്രമണങ്ങളിൽ കാഴ്ചവെച്ച വേഗവും സൂക്ഷ്മതയും സദാ നിലനിർത്താൻ സാധിക്കും. ശത്രുവിന്റെ കണക്കുകൂട്ടലുകൾക്കപ്പുറത്ത് വേഗത്തിൽ സാഹചര്യങ്ങൾ ഏകോപിപ്പിക്കാൻ സൈന്യത്തിന് സാധിക്കും.
ക്രാന്തദർശനവും ശുഭാപ്തിവിശ്വാസവും കർമ്മ ധീരതയും നിരീക്ഷണ പാടവവും ലോകവീക്ഷണവും സർവ്വോപരി ഗുരുത്വവുമുള്ള ഒരു ഭരണാധികാരിയുടെ നിശ്ചയദാർഢ്യമാണ് മുഖ്യ സേനാ മേധാവിയുടെ പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ചു തരുന്നത്. ഒപ്പം അടൽ ബിഹാരി വാജ്പേയി, മനോഹർ പരീക്കർ എന്നീ മണ്മറഞ്ഞ ധിഷണാശാലികളോടുള്ള ആദരവും.
Discussion about this post