ഡൽഹി: സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ അനുകൂലിച്ച് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ പി ചിദംബരം. ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ അദ്ദേഹം അനുകൂലിച്ചു. പ്ലാസ്റ്റിക്കിന്റെ ഒറ്റത്തവണ ഉപയോഗം നിയന്ത്രിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെയും അദ്ദേഹം സ്വാഗതം ചെയ്തു. സമ്പത്ത് സൃഷ്ടിക്കുന്നവരെ ആദരിക്കണമെന്ന ആശയവും സ്വാഗതാർഹമാണെന്ന് ചിദംബരം കൂട്ടിച്ചേർത്തു.
“നമ്മളെല്ലാവരും സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നടത്തിയ മൂന്ന് പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്യണം. അണുകുടുംബം എന്നത് ദേശഭക്തിയുള്ള ചുമതലയാണ്, സമ്പത്തുണ്ടാക്കുന്നവരെ ബഹുമാനിക്കണം, പ്ലാസ്റ്റിക്കിന്റെ ഒറ്റത്തവണ ഉപയോഗം വേണ്ടെന്ന് വയ്ക്കണം,” അദ്ദേഹം ട്വീറ്റ് ചെയ്തു.
All of us must welcome three announcements made by the PM on I-Day
> Small family is a patriotic duty
> Respect wealth creators
> Shun single-use plastic— P. Chidambaram (@PChidambaram_IN) August 16, 2019
“ഒന്നാമത്തെയും മൂന്നാമത്തെയും പ്രഖ്യാപനങ്ങളുടെ കാര്യത്തിൽ ജന മുന്നേറ്റം ആവശ്യമാണ്. താഴേത്തട്ടിൽ ഈ പ്രഖ്യാപനങ്ങൾക്ക് വേണ്ടി ആത്മാർപ്പണത്തോടെ പ്രവർത്തിക്കാൻ തയ്യാറാവുന്ന നിരവധി സംഘടനകളുണ്ട്,” ചിദംബരം അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ജനസംഖ്യാ വർദ്ധനവിന്റെ ഗുരുതര പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം നമ്മുടെ വരും തലമുറകളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post