ഇത്രയും നാൾ മുത്തലാഖ് എന്ന കൊടിയ അനാചാരം തുടർന്നതിനു കാരണം ചിലരുടെ മതപ്രീണനനയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ വിഭജനത്തിലേക്ക് നയിച്ച അതേ മതപ്രീണനമാണ് മുത്തലാഖ് ഇത്രനാളും അനുവദിച്ചുകൊടുത്തതിന് കാരണം. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വച്ച് “മുത്തലാഖ് : ചരിത്രപരമായ തെറ്റ് തിരുത്തപ്പെടുമ്പോൾ” എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിലാണ് ആഭ്യന്തരമന്ത്രി ഈ പരാമർശം നടത്തിയത്.
മുത്തലാഖിനെതിരേയുള്ള നിയമനിർമ്മാണത്തെ പാർലമെന്റിൽ എതിർത്ത മിക്ക പാർട്ടികൾക്കും അവരുടെ ഹൃദയത്തിൽ ഇത് അനാചാരമാണ് എന്നറിയാം. അവർക്ക് അനാചാരം നിർത്തണമെന്നും ആഗ്രഹമുണ്ട്. പക്ഷേ അത് തുറന്ന് സമ്മതിയ്ക്കാനുള്ള ധൈര്യം അവർക്കില്ല. എനിയ്ക്കൊരു കാര്യം തുറന്ന് പറയാനുണ്ട്. മുത്തലാഖ് എന്ന അനാചാരം ഒഴിവായാൽ ഗുണം മുസ്ലീങ്ങൾക്ക് തന്നെയാണ്. അല്ലാതെ ഹിന്ദുക്കൾക്കോ സിഖുകാർക്കോ ജൈനന്മാർക്കോ ഒന്നുമല്ല. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള നിയമനിർമ്മാണം ആത്യന്തികമായി മുസ്ലിം സമൂഹത്തിനു തന്നെയാണ് ഗുണം ചെയ്യുക. അമിത് ഷാ പറഞ്ഞു.
കോൺഗ്രസ്സ് പാർട്ടിയ്ക്കെതിരേ അതിശക്തമായാണ് അമിത് ഷാ പ്രതികരിച്ചത്. മുത്തലാഖ് എന്ന അനാചാരത്തെ അനുകൂലിയ്ക്കാൻ കോൺഗ്രസ്സിന് നാണമില്ലേ എന്നദ്ദേഹം ചോദിച്ചു.1985 ഏപ്രിൽ 23ആം തീയതി ഷാ ബാനോ കേസിൽ സുപ്രീം കോടതി മുത്തലാഖ് നിയമവിരുദ്ധമാണെന്നും വിവാഹമോചനം നൽകണമെങ്കിൽ ജീവനാംശം നൽകിയേ കഴിയൂ എന്നും വിധിപറഞ്ഞതാണ്. വിധിയെ മറികടന്ന് രാജീവ് ഗാന്ധി സാധാരണ മുസ്ലിം സ്ത്രീകളുടെ കണ്ണീരുകാണാതെ യാഥാസ്ഥിതിക മുസ്ലീങ്ങളെ പ്രീണിപ്പിയ്ക്കാൻ സുപ്രീം കോടതിവിധിയെ മറികടന്ന് നിയമനിർമ്മാണം നടത്തി.
ഇന്നും അതേ കോൺഗ്രസ്സിന് ഒരു നാണവുമില്ല. മുത്തലാഖ് നിലനിർത്തണമെന്നാണ് അവർ പറയുന്നത്. എന്തിനാണത് നിലനിർത്തുന്നത്? അതിനുത്തരമൊന്നും അവർക്കറിയില്ല. ഒരൊറ്റ ന്യായീകരണം പോലും അവരുടെ നിലപാടിന് തരാൻ അവർക്കറിയില്ല. അമിത് ഷാ പറഞ്ഞു. 2014ൽ നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കി തിരഞ്ഞെടുത്തത് മതപ്രീണനരാഷ്ട്രീയത്തിന്റെ അവസാനത്തിന്റെ തുടക്കമായിരുന്നു എന്ന് ഷാ പറഞ്ഞു
Discussion about this post