അയോധ്യയിലെ ബാബറി മസ്ജിദിന് മുന്‍പ് അവിടെ ഒരു ഹൈന്ദവ ആരാധനാലയം ഉണ്ടായിരുന്നതായി അഭിഭാഷകന് സുപ്രീം കോടതിയില്‍ വാദിച്ചു. രാം ലല്ലയ്ക്ക് വേണ്ടി അയോധ്യ കേസില്‍ വാദിക്കുന്ന മുതിര്‍ന്ന അഭിഭാഷകനായ സി.എസ്.വൈദ്യനാഥനാണ് അയോധ്യയില്‍ ബാബറി മസ്ജിദ് നിര്‍മ്മിക്കുന്നതിനു മുന്‍പ് അവിടെ ഹൈന്ദവ ആരാധനാലയം ഉണ്ടായിരുന്നതായി വാദിക്കുന്നത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ ഇപ്രകാരം പറയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാദം. കണ്ടെത്തിയ ചില തൂണുകള്‍ തല്‍സ്ഥാനത്ത് വലിയ ഒരു കെട്ടിടം നിലനിന്നിരുന്നു എന്ന സൂചനയാണ് നല്‍കുന്നതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി സി.എസ്.വൈദ്യനാഥന് കോടതിയെ അറിയിച്ചു
അയോധ്യയിലെ തര്‍ക്ക പ്രദേശത്ത് നിന്ന് കണ്ടെത്തിയ രൂപങ്ങള്‍ (മുതലകളുടെയും ആമകളുടെയും) മുസ്ലീം നിര്‍മാണ രീതിയ്ക്ക് എതിരാണ്. അതിനാല്‍, തന്നെ മുസ്ലീം പള്ളിയ്ക്ക് മുന്‍പ് അയോധ്യയില്‍ മറ്റൊരു ബഹുനില കെട്ടിടം ഉണ്ടായിരുന്നു. ഇത് ഹൈന്ദവ ആരാധനാലയം ആണെന്നും അഭിഭാഷകന് സുപ്രീം കോടതിയില്‍ വാദിക്കുന്നു.
അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതിയില്‍ വാദം തുടരുകയാണ്. വാദപ്രതിവാദങ്ങള്‍ എട്ടാം ദിവസത്തിലേക്ക് കടന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ചാണ് വാദം കേള്‍ക്കുന്നത്.
Discussion about this post