കനത്തമഴയിൽ കൊങ്കൺ റൂട്ടിൽ മംഗളൂരുവിനടുത്ത് പാളത്തിലേക്ക് മണ്ണിടിഞ്ഞുവീഴുന്നത് തുടരുന്നതിനാൽ ഇതുവഴി മൂന്നുദിവസം വണ്ടിയോടില്ല. പ്രദേശത്ത് നാനൂറ് മീറ്ററോളം സമാന്തരപാത നിർമിച്ച് തീവണ്ടിസർവീസ് പുനരാരംഭിക്കാനാണ് റെയിൽവേയുടെ തീരുമാനം. ഇതിന് മൂന്നുദിവസം സമയമെടുക്കും.
ജോക്കട്ടെ-പടീൽ സ്റ്റേഷനുകൾക്കിടയിൽ കുലശേഖരയിൽ 23-ന് പുലർച്ചെയാണ് പാളത്തിലേക്ക് സമീപത്തെ കുന്നിടിഞ്ഞുവീണ് കൊങ്കൺ പാതയിൽ ഗതാഗതസ്തംഭനമുണ്ടായത്. പാളം ഗതാഗതയോഗ്യമാക്കാൻ ചെന്നൈ ഐ.ഐ.ടി.യിൽനിന്നും മംഗളൂരു എൻ.ഐ.ടി.കെ.യിൽനിന്നുമുള്ള വിദഗ്ധരുടെ ഉപദേശം റെയിൽവേ തേടിയിട്ടുണ്ട്.
ചെളിരൂപത്തിലായ മണ്ണ് മാറ്റി മാത്രമേ പുതിയ പാത നിർമിക്കാനാകൂ. അതിന് മൂന്നുദിവസമെങ്കിലുമെടുക്കും. മഴ തുടർന്നാൽ ഈ പ്രവൃത്തിയും തടസ്സപ്പെടും. ചൊവ്വാഴ്ച മഴ കുറഞ്ഞതോടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ വേഗത്തിലാക്കിയിട്ടുണ്ട്.
ഗതാഗതം തടസ്സപ്പെട്ടതിനെത്തുടർന്ന് ഇതുവഴി കടന്നുപോകേണ്ട ഒട്ടേറെ തീവണ്ടികൾ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post