ബാഹുബലി ഭല്ലല്ദേവനെ ജയിക്കുന്നത് എങ്ങനെയെന്നത് അറിയാക്കഥയാണെങ്കിലും ബോളിവുഡ് ചലച്ചിത്രങ്ങളുടെ പ്രതാപം തകര്‍ത്തെറിയുകയാണ് എന്നത് വ്യക്തം. ചിത്രത്തിലെ ഭീമാകാരമായ ശില്പം പോലെ ബോളിവുഡ് ചലച്ചിത്ര സങ്കല്‍പ്പങ്ങളുടെ മേല്‍ പ്രഹരമായി പതിക്കുകയാണ് ബാഹുബലി. എന്നാല്‍ ഇതിനു തടയിടാനുള്ള കരുത്താര്‍ജ്ജിക്കാന്‍ ബോളിവുഡിനു സാധിക്കുന്നില്ല എന്ന് നിസ്സംശയം പറയാം.
ബാഹുബലിയുടെ ട്വിറ്റര്‍ ആരാധകര്‍ കുറച്ചൊന്നുമല്ല ബോളിവുഡിനെ പരിഹസിക്കുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നും പഠിക്കാനും കരുതിയിരിക്കാനുമുള്ള സന്ദേശങ്ങളാണ് ആരാധകര്‍ ബോളിവുഡിന് നല്‍കുന്നത്. ബാഹുബലിയുടെ ബ്രഹ്മാണ്ഡ വിജയത്തിനു മുന്നില്‍ പല ബോളിവുഡ് സംവിധായകരും മുട്ടുമടക്കികഴിഞ്ഞു. ഇന്ത്യന്‍ ചലച്ചിത്ര സംവിധായകരുടെ പിതാവാണ് രാജമൗലി എന്ന് കരണ്‍ ജോഹര്‍ അഭിപ്രായപ്പെട്ടു. മറ്റു സംവിധായകര്‍ അസൂയ മൂലം ഇല്ലാതാകുമെന്നും രാജമൗലി അടുത്ത വര്‍ഷങ്ങളില്‍ പുതിയ ചിത്രവവുമായി എത്തിയില്ലെങ്കില്‍ ചലച്ചിത്ര മേഖല തന്നെ കാലഹരണപ്പെടുമെന്നാണ്
ത്രില്ലര്‍ സിനിമകളുടെ രാജാവായ രാം ഗോപാല്‍ വര്‍മ്മ വരെ പറയുന്നത്.
ചലച്ചിത്ര മേഖല നൂറു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷവും പുരാണേതിഹാസങ്ങളുടെ ചുവടുപിടിച്ചുണ്ടായ ചിത്രങ്ങളൊന്നും റെക്കോഡ് സൃഷ്ടിക്കത്തക്ക തലത്തില്‍ നിര്‍മ്മിക്കാന്‍ ബോളിവുഡിനായിട്ടില്ല. അമിതാഭ് ബച്ചന്റെ അജൂബയും അഭിഷേകിന്റെ ദ്രോണയും , ഷാരൂഖിന്റെ അശോകയും ഗൗനിക്കപ്പെടാതെ പോയ ഇന്ത്യയിലാണ് ചലച്ചിത്ര മേഖലയില്‍ വിപ്ലവവുമായി തെന്നിന്ത്യയില്‍ നിന്നും ബാഹുബലി എത്തിയിരിക്കുന്നത്. ഇന്ത്യന്‍ സംഗീതത്തെ പുനര്‍ നിര്‍വചിച്ച എ ആര് റഹ്മാനേയും, നൃത്തരംഗങ്ങള്‍ക്ക് പുതിയ മാനം നല്കിയ പ്രഭുദേവയേയും പോലെ രാജമൗലിയുടെ ബാഹുബലിയും ചലച്ചിത്ര മേഖലയിലെ മുന്നേറ്റങ്ങള്‍ക്ക് നാന്നി കുറിച്ചിരിക്കുന്നു. ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിലെ പുതിയ യുഗത്തിനാണ് രാജമൗലി ബാഹുബലിയിലൂടെ വഴിയൗരുക്കിയിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍.
Discussion about this post