കേരളത്തിന്റെ ഗവര്‍ണറാക്കിയതിന് പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്.ഒരു പാര്‍ട്ടിയിലും അംഗമല്ലാത്തതന്നെ ഗവര്‍ണറാക്കിയ പ്രധാനമന്ത്രിയ്ക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഗവര്‍ണറാകുന്നതിന് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ ചുമതലയേറ്റാല്‍ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയാണ് ആദ്യ ദൌത്യമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സെപ്റ്റംബര്‍ ആദ്യവാരം സ്ഥാനമൊഴിയുന്നതിനു പിന്നാലെയാണിത് പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് ചുമതലയേല്‍ക്കുക.
മുന്‍ യുപി മുഖ്യമന്ത്രി ചരണ്‍ സിംഗ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ക്രാന്തി ദളില്‍ നിന്നാണ് ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 1977-ല്‍ 26-ാം വയസ്സില്‍ അദ്ദേഹം യുപി നിയമസഭയിലെത്തി. 1980-ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1980-ലും 84-ലും കാന്‍പൂരില്‍ നിന്നും ബറൈച്ചില്‍ നിന്നും അദ്ദേഹം ലോക്സഭയിലെത്തി.
1986-ല്‍ അദ്ദേഹം രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസുമായി തെറ്റി. പാര്‍ട്ടി വിട്ടു. പിന്നീട് ജനതാദളില്‍ ചേര്‍ന്ന അദ്ദേഹം 1989-ല്‍ ദള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക്സഭയിലെത്തി. 89-ല്‍ ജനതാദള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കേന്ദ്രമന്ത്രിയായി.
1998-ല്‍ അദ്ദേഹം ജനതാദളും വിട്ടു. ബിഎസ്പിയിലെത്തി. ബറൈച്ചില്‍ നിന്ന് തന്നെ മത്സരിച്ച് വീണ്ടും ലോക്സഭയിലെത്തി. 2004-ല്‍ അദ്ദേഹം ബിഎസ്പി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മത്സരിച്ചെങ്കിലും തോറ്റു. തുടര്‍ന്ന് അദ്ദേഹം ബിജെപിയും വിടുന്നതായി പ്രഖ്യാപിച്ചെങ്കിലും, പിന്നീട് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബിജെപി നേതൃത്വത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.
Discussion about this post