കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് ടോം പുലിക്കുന്നേൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും. മീനച്ചിൽ പഞ്ചായത്ത് മുൻ പ്രസിഡന്റും കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ് ജോസ് ടോം പുലിക്കുന്നേൽ.
പാലാ എം എൽ എയും മുൻ മന്ത്രിയുമായിരുന്ന കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് വിമർശനത്തിനിടയാക്കുമെന്ന നിരീക്ഷണത്തെ തുടർന്നായിരുന്നു പുതിയ തീരുമാനം. കേരള കോൺഗ്രസിൽ ജോസ് കെ മാണി പക്ഷവും പി ജെ ജോസഫ് പക്ഷവും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം. പൊതു സമ്മതനായ സ്ഥാനാർത്ഥിയാണെങ്കിൽ ഒരുമിച്ച് പിന്തുണയ്ക്കുമെന്ന് ഇരു വിഭാഗവും അറിയിച്ചിരുന്നു. ഈ ആവശ്യം നിഷ ജോസ് കെ മാണിക്ക് തിരിച്ചടിയാകുകയായിരുന്നു എന്ന് വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിൽ ഐക്യം എത്രത്തോളം ഫലപ്രദമാകുമെന്നത് ചോദ്യചിഹ്നമാണ്.
എൻ സി പി നേതാവ് മാണി സി കാപ്പനാണ് ഇടത് സ്ഥാനാർത്ഥി. എൻ ഡി എ സ്ഥാനാർത്ഥിയെ നാളെ ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വക്കേറ്റ് പി എസ് ശ്രീധരൻ പിള്ള അറിയിച്ചിരുന്നു. കെ എം മാണിയുടെ സഹോദരന്റെ മകൻ പാർട്ടിയിലേക്കെത്തിയത് വിജയസാദ്ധ്യത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post