മോഹൻലാലിന്റെ ഓണം റിലീസ് ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’. ചിത്രം സെപ്തംബർ ആറിന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുമ്പോൾ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് താരം. അഭിമുഖത്തിനിടെ ചൈനീസ് ഭാഷയിൽ സംസാരിക്കുന്ന താരത്തിന്റെ വീഡിയോ ശ്രദ്ധ നേടുകയാണ്. ചൈനയിൽ ജനിച്ചു വളർന്ന് പിന്നീട് തൃശൂരിലെ കുന്നംകുളത്ത് ജീവിക്കേണ്ടി വരുന്ന മണിക്കുന്നേൽ മാത്തന്റെ മകൻ ഇട്ടിമാണി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
തന്റെ കഥാപാത്രത്തെ കുറിച്ചും സിനിമയിൽ ഉപയോഗിക്കുന്ന തൃശൂർ- ചൈന ഭാഷകളെ കുറിച്ചുമെല്ലാം മോഹൻലാൽ വിശേഷങ്ങൾ പങ്കിട്ടു.”അമ്മയോട് വളരെ സ്നേഹമുള്ള ഒരാളാണ് ഇട്ടിമാണി. പക്ഷേ നർമ്മത്തിന്റെ അകമ്പടിയോടെയാണ് അമ്മയും മകനും തമ്മിലുള്ള ബന്ധം പറഞ്ഞുപോവുന്നത്. സിനിമയിൽ ഇട്ടിമാണിയും അമ്മയും ചിലയിടങ്ങളിലൊക്കെ ചൈനീസ് ഭാഷ സംസാരിക്കുന്നുണ്ട്. ആൾക്കൂട്ടത്തിലും മറ്റും മറ്റുള്ളവർക്ക് മനസ്സിലാവാത്ത രീതിയിൽ കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യാനായിട്ടാണ് ഇട്ടിമാണിയും അമ്മയും ചൈനീസ് ഉപയോഗിക്കുന്നത്,” മോഹൻലാൽ പറയുന്നു. ചിത്രത്തിൽ തൃശൂർ ഭാഷ സംസാരിക്കുന്നുണ്ടെങ്കിലും പക്ക തൃശൂർ ഭാഷ വളരെ ചുരുക്കം ഇടങ്ങളിൽ മാത്രമേ ഉപയോഗിച്ചിട്ടില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.
ചൈനയിൽ പോയി ചിത്രീകരിക്കുന്ന ആദ്യ മലയാളസിനിമ കൂടിയാണ് ‘ഇട്ടിമാണി- മെയ്ഡ് ഇൻ ചൈന’. കഥയിൽ ചൈനയ്ക്ക് പ്രാധാന്യമുള്ളതുകൊണ്ടാണ് അവിടെ പോയി ഷൂട്ട് ചെയ്തതെന്നും മോഹൻലാൽ വ്യക്തമാക്കി. ജിബി ജോജുമാരുടെ സംവിധാനത്തിലിറങ്ങുന്ന സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
Discussion about this post