പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി പക്ഷത്തിന് പാര്‍ട്ടി ചിഹ്നം നല്‍കാത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പിജെ ജോസഫിനെതിരെ പരോക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ.സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചില നേതാക്കള്‍ ശകുനംമുടക്കികളായി വഴിമുടക്കി നിന്നു. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ജോസ് കെ മാണിയുടെ തീരുമാനം ശരിയായിരുന്നു. കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ഥി വേണ്ട എന്ന നിലപാട് ജോസ് കെ മാണി മുന്‍പേ തന്നെ സ്വീകരിച്ചിരുന്നു. ജോസ് കെ മാണിയുടെ തീരുമാനത്തിനൊപ്പമാണ് പാലായിലെ കേരളാ കോണ്‍ഗ്രസ് എന്നും മുഖപ്രസംഗം പറയുന്നു.
ഉള്ളില്‍ അണപ്പല്ലുകൊണ്ട് ഇറുമ്മുകയും പുറമേയ്ക്ക് മുന്‍പല്ലുകൊണ്ട് ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാര്‍ഥിയെ പാലായ്ക്ക് ആവശ്യമില്ലെന്ന് മുപ്രസംഗത്തില് പറയുന്നു. നിഷ ജോസ് കെ മാണിയുടെ അടക്കം പേരുകള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉയര്‍ന്നുവന്നപ്പോള്‍ അതിനെ എതിര്‍ക്കുന്ന നിലപാടാണ് പിജെ ജോസഫ് സ്വീകരിച്ചത്. പകരം സമവായ സ്ഥാനാര്‍ഥി വേണം എന്ന നിലപാടായിരുന്നു സ്വീകരിച്ചതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം പാലായില്‍ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പിജെ ജോസഫിന് എതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു. ജോസഫിന്റെ പ്രസംഗത്തിനിടെ തെറിവിളിയും കൂക്കുവിളികളും ഉയര്‍ന്നിരുന്നു. നിങ്ങളില്‍ ചിലരുടെ വികാരം മാനിക്കുന്നുവെന്നും ജോസ് കെ മാണിയുമാള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ അവസാനിക്കും എന്നുമായിരുന്നു ജോസഫിന്റെ ഇതിനോടുള്ള പ്രതികരണം.
Discussion about this post