രാഷ്ട്രം ഉറ്റുനോക്കിയിരിയ്ക്കേ ചന്ദ്രയാന്‍ മിഷനിലെ വിക്രം ലാന്ഡര്ചന്ദ്രനിലിറങ്ങി. പക്ഷേ വിക്രമില്‍ നിന്നുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നഷ്ടമായെന്ന് ഐ എസ് ആര് ഓ അറിയിച്ചു. ചന്ദ്രോപരിതലത്തില്‍ നിന്ന് വെറും 2.1 കിലോമീറ്റര്‍ അടുത്തുവച്ചാണ് വിക്രമില്‍ നിന്നുള്ള ആശയവിനിമയ തരംഗങ്ങള്‍ നഷ്ടമായത്. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാന്‍ സിഗ്നലുകള്‍ പഠിച്ചുവരികയാണെന്ന് ഐ എസ് ആര് ഓ അറിയിച്ചു.
വിക്രം ലാന്‍ഡറില്‍ നിന്നുള്ള ആശയവിനിമയം നഷ്ടമായെങ്കില്‍ക്കൂടി ചന്ദ്രയാന്‍ ഒരു വന്‍ വിജയമാണ്. ലാന്‍ഡറില്‍ നിന്നുള്ള ആശയവിനിമയമേ നഷ്ടമായുള്ളൂ. ഓര്‍ബിറ്റര്‍ ചന്ദ്രനു ചുറ്റും ഭ്രമണം ചെയ്യുന്നുണ്ട്. ചന്ദ്രയാന്‍ പദ്ധതിയുടെ വലിയൊരു ഭാഗം പഠനങ്ങളും ഓര്‍ബിറ്റര്‍ ഉപയോഗിച്ചാണ് നടത്തുക. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങിയപ്പോഴുള്ള എന്തെങ്കിലും ചെറിയ പ്രശ്നങ്ങള്‍ കൊണ്ട് താല്‍ക്കാലികമായി വാര്‍ത്താവിനിമയസംവിധാനങ്ങള്‍ തകരാറിലാവാനും സാധ്യതയുണ്ടെന്നാണ് സൂചന. ചിലപ്പോള്‍ വരും ദിവസങ്ങളില്‍ ലാന്‍ഡറില്‍ നിന്നുള്ള ആശയവിനിമയം പുനഃസ്ഥാപിച്ചേക്കാം എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
വിക്രം ലാന്‍ഡറില്‍ നിന്ന് ഭൂമിയിലേക്കുള്ള ആശയവിനിമയം മാത്രമേ നഷ്ടമായിട്ടുള്ളൂ എന്നും ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓര്‍ബിറ്ററും ചന്ദ്രനില്‍ ഇറങ്ങിയ ലാന്‍ഡറും തമ്മില്‍ ഇപ്പോഴും ആശയവിനിമയമുണ്ടെന്നും കണ്ട്രോള് സെന്ററില്‍ നിന്ന് അറിയിപ്പ് കിട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ലാന്‍ഡര്‍ പൂര്‍ണ്ണമായും നഷ്ടമായിട്ടില്ല. അഥവാ ലാന്‍ഡറില്‍ നിന്നുള്ള ആശയവിനിമയം സാദ്ധ്യമായില്ലെങ്കില്ത്തന്നെ ചന്ദ്രോപരിതലത്തിലെത്താനും ഓര്‍ബിറ്റര്‍ അവിടെയെത്തിക്കാനുമുള്പ്പെടെ കഴിഞ്ഞത് ഇന്ത്യന്‍ ശാസ്ത്രസാങ്കേതികരംഗത്ത് ഒരു വലിയ കുതിപ്പാണെന്ന് ബഹിരാകാശശാസ്ത്രജ്ഞര്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി മുഴുവന്‍ സമയവും ഐ എസ് ആര് ഒ ചെയര്മാന് കെ ശിവനോടൊപ്പം ബെംഗലൂരില്‍ ഐ എസ് ആര് ഓ മിഷന് കണ്ട്രോള് സ്റ്റേഷനിലുണ്ടായിരുന്നു. ഈ പദ്ധതി വിജയത്തിലെത്തിക്കാന്‍ അക്ഷീണപ്രയത്നം ചെയ്ത ശാസ്ത്രജ്ഞരേയും സാങ്കേതികവിദഗ്ധരേയും പ്രധാനമന്ത്രി അനുമോദിച്ചു. ധൈര്യമായിരിയ്ക്കാനും അദ്ദേഹം പറഞ്ഞു. ഈ മിഷന് ഒരു വന്‍ വിജയമാണെന്നും ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
”നമ്മുടെ ശാസ്ത്രജ്ഞരെപ്പറ്റിയോര്ത്ത് ഇന്ത്യക്ക് എന്നും അഭിമാനമാണ്. അവര്‍ അവരുടെ മികവ് ഇന്ത്യയ്ക്ക് വേണ്ടി നല്‍കിക്കഴിഞ്ഞു.ഒട്ടും നിരാശരാകേണ്ട. ധീരരായിരിയ്ക്കാനുള്ള സമയമാണ് നമുക്ക്. നമ്മള് ധീരര്‍ തന്നെയാണ്. ഐ എസ് ആര് ഓ ചെയര്മാന് നമ്മോട് ചന്ദ്രയാനെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയിച്ചു കഴിഞ്ഞു. ഇന്ത്യയുടെ ശൂന്യാകാശപദ്ധതികളുമായി കഠിനപ്രയത്നത്തോടെ ഇനിയും നാം മുന്നോട്ടുപോകും”. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Discussion about this post