ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കര്‍ണാടകയിലെ മറ്റൊരു കോണ്‍ഗ്രസ് പ്രമുഖ നേതാവായ കെ.ജെ ജോര്‍ജിനെതിരെയും പരാതി. മകളുടെ പേരില്‍ അമേരിക്കയില്‍ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് പരാതി നല്‍കിയിരിക്കുന്നത്. നിലവില്‍ സര്വാഗ്ന നഗര്‍ എം.എല്‍.എയായ ജോര്‍ജ് നിരവധി തവണ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ടെന്നും ഇതിന്റെ മറവില്‍ ഇന്ത്യയിലും വിദേശത്തും, പ്രത്യേകിച്ച് അമേരിക്കയില്‍ സ്വത്ത് വാരിക്കൂട്ടിയിട്ടുണ്ടെന്നാണ് പരാതി.
കര്‍ണാടക രാഷ്ട്രീയ സമിതി അദ്ധ്യക്ഷന്‍ രവികൃഷ്ണ റെഡ്ഡിയാണ് മുന്‍മന്ത്രി കൂടിയായ ജോര്‍ജിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. മാന്‍ഹട്ടനിലെ അഞ്ച് ഭൂമിയുടെ പേരുകള്‍ രവികൃഷ്ണയുടെ പരാതിയില്‍ ഉണ്ട്. ഇവ ജോര്‍ജിന്റെ മകള്‍ റെനിത എബ്രഹാമിന്റെയും മരുമകന് കെവിന് എബ്രഹാമിന്റെയും പേരിലുള്ളതാണെന്ന് രവികൃഷ്ണ അവകാശപ്പെടുന്നു.
കര്‍ണാടകത്തിലെ പ്രമുഖ നേതാവാണ് മലയാളി വേരുകളുള്ള ജോര്‍ജ്. നിരവധി തവണ മന്ത്രിയായിട്ടുള്ള ജോര്‍ജിനെതിരെ മുമ്പും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പി ചിദംബരം, ഡി.കെ ശിവകുമാര്‍ എന്നിവര്‍ക്ക് പിറകെ അഹമ്മദ് പട്ടേലിന്റെ മകനെയും ഇ.ഡി കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യുന്നുണ്ട്. പല കോണ്‍ഗ്രസ് നേതാക്കളും ഇനിയും അറസ്റ്റിലാകുമെന്നാണ് അഭ്യൂഹം.
Discussion about this post