അടിയന്തരമായി പൊളിച്ച് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകൾ ചീഫ് സെക്രട്ടറി ഇന്ന് പരിശോധിക്കും. കഴിഞ്ഞ ദിവസം ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള നടപടികൾ തുടങ്ങണമെന്ന് കാണിച്ച് മരട് നഗരസഭയ്ക്കും ജില്ലാഭരണകൂടത്തിനും ചീഫ് സെക്രട്ടറി കത്ത് നൽകിയിരുന്നു. രാവിലെ പത്ത് മണിയോടുകൂടി ഫ്ലാറ്റുകളും തൽസ്ഥിതിയും പരിശോധിക്കുന്നതിനായി ചീഫ് സെക്രട്ടറി മരടിലെത്തും.
ഇതിന് ശേഷം ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് മാറ്റാനുള്ള സർക്കാർ ഉത്തരവും തുടർനടപടികളും ചർച്ച ചെയ്യാൻ മരട് നഗരസഭയിലെ സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങളുടെ അടിയന്തര യോഗം ഇന്ന് ചേരും. പ്രശ്നം ചർച്ച ചെയ്യാൻ കൗൺസിൽ വിളിക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ യോഗം കൈകൊള്ളും.
അതേസമയം, ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള സർക്കാർ ഉത്തരവ് ലഭിച്ചെങ്കിലും തുടർനടപടികൾ എങ്ങനെയായിരിക്കണമെന്ന ആശങ്കയിലാണ് നഗരസഭ. ഫ്ലാറ്റുകൾ പൊളിച്ച് നീക്കാൻ ശരാശരി 30 ലക്ഷം രൂപ ചെലവാകുമെന്നാണ് നഗരസഭ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്. ഈ തുക ഒറ്റയ്ക്ക് താങ്ങാനാകില്ലെന്ന് നഗരസഭ അറിയിച്ചു.
തീരദേശ പരിപാലന നിയമം ലംഘിച്ച് കായലോരത്ത് നിർമ്മിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ ഈമാസം 20-നകം പൊളിച്ച് മാറ്റി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീംകോടതി സർക്കാറിന് നൽകിയ അന്ത്യശാസനം.
Discussion about this post