മരട് ഫ്ളാറ്റ് പൊളിച്ചു നീക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ഫ്ളാറ്റുടമകളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.ഈ വിഷയത്തില്‍ എങ്ങനെ ഇടപെടണമെന്ന് ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.എന്നാല്‍ ഇക്കാര്യം പരസ്യപ്പെടുത്താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മരടിലെ ഫ്ളാറ്റുകള്‍ ഒഴിയാന്‍ താമസക്കാര്‍ക്ക് നഗരസഭ നല്കിയ കാലാവധി ഇന്ന് അവസാനിക്കും. പ്രതിഷേധം കടുപ്പിച്ച ഫ്ലാറ്റ് ഉടമകള്‍ ഇന്ന് മുതല്‍ നഗര സഭയ്ക്ക് മുന്നില്‍ നിരാഹാരം ഇരിക്കും. കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ ഇന്ന് മരടില്‍ എത്തും.
ഇന്ന് വൈകുന്നേരത്തിനുള്ളില്‍ താമസക്കാര്‍ ഒഴിഞ്ഞു പോയില്ലെങ്കില്‍ സെക്രട്ടറിയില്‍ നിക്ഷിപ്തം ആയ അധികാരങ്ങള്‍ പ്രകാരം മുന്നറിയിപ്പ് ഇല്ലാതെ മറ്റു നിയമ നടപടികള്‍ സ്വീകരിക്കും.
ഇതാണ് നഗര സഭയുടെ നോട്ടീസില്‍ പറയുന്നത്. കായലോരം ഫ്ലാറ്റ് ഉടമകള്‍ മാത്രം ആണ് നോട്ടീസിന് മറുപടി നല്‍കിയത്. ജീവിക്കാനുള്ള മൗലിക അവകാശത്തിന്റെ ലംഘനം ആണെന്നും ഒരു കാരണവശാലും ഒഴിഞ്ഞു പോകില്ല എന്നുമായിരുന്നു മറുപടി. നോട്ടിസിനെതിരെ ഹൈക്കോടതിയില്‍ ഫ്ലാറ്റ് ഉടമകള്‍ നാളെ ഹര്‍ജിയും നല്‍കും ഒഴിപ്പിക്കല്‍ നോട്ടിസ് നിയമാനുസൃതമല്ല എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
ഇന്ന് സമയപരിധി അവസാനിച്ചാലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാത്രം തുടര്‍നടപടികളിലേക്കു കടക്കാനാണ് നഗരസഭയുടെ തീരുമാനം.
Discussion about this post