കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ വ്യാപാരി വ്യവസായി സംഘടനയായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബി.ജെ.പി പാളയത്തിലേക്ക് നീങ്ങുന്നു.ഭാരതീയ വ്യാപാര ഉദ്യോഗ മണ്ഡലുമായി സമിതിയെ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ബിജെപിയുടെ കാണ്‍പൂരില്‍ നിന്നുള്ള ലോകസഭാംഗ് ശ്യാം ബിഹാരി മിശ്രയാണ് ഈ സംഘടനയുടെ പ്രസിഡണ്ട്.
ആഗസ്റ്റ് 9നു ഡല്‍ഹിയില്‍ നടക്കുന്ന ഭാരതീയ വ്യാപാര ഉദ്യോഗ മണ്ഡല് സമ്മേളനത്തില്‍ നസിറുദ്ദീന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 500 വ്യാപാരികളെ പങ്കെടുപ്പിക്കുന്നുണ്ട്. പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന സമ്മേളനത്തിനു ശേഷം ബി.ജെ.പിയോടുള്ള സമീപനം വ്യക്തമാക്കുമെന്ന് നസിറുദ്ദീന്‍ പറഞ്ഞു.
ബി.ജെ.പിയോട് വ്യാപാരികള്‍ക്ക് അയിത്തമില്ല. കച്ചവടക്കാരെ ആരു സഹായിക്കുന്നുവോ അവരെ അങ്ങോട്ടും സഹായിക്കും. അതാണ് ഏകോപന സമിതിയുടെ നയമെന്ന് നസിറുദ്ദീന്‍ വിവിധ മാധ്യമഹ്ങളോട് പറഞ്ഞു. മോദിയുടെ നയങ്ങളോട് വ്യാപാരികള്‍ക്ക് യോജിപ്പുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കച്ചവടക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ബി.ജെ.പി അതേസമയം കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞു. ആഗസ്റ്റ് 9 ദേശീയ വ്യാപാര ദിനമായി പ്രഖ്യാപിച്ചത് അതിനു തെളിവാണെന്നാണ് നസറുദ്ദീന്‍ പറയുന്നത്.
കേന്ദ്ര സര്‍ക്കാരിനു ഏകോപനസമിതി നല്കിയ നിവേദനത്തില്‍ ചെറുകിട വ്യാപാര വ്യവസായ പ്രതിനിധിക്ക് രാജ്യസഭയില്‍ അംഗത്വം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നസിറുദ്ദീന്‍ ഒരു പത്രത്തിന് നല്കിയ പ്രതികരണത്തില്‍ പറഞ്ഞു. നികുതിക്ക് ഏകജാലക സംവിധാനം വേണമെന്നും കേന്ദ്ര സര്‍ക്കാരില്‍ വ്യാപാര മന്ത്രാലയം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും നസറുദ്ദീന്‍ പറയുന്നു.
കേരളത്തില്‍ വളരെ ശക്തമായ വ്യാപാരി സംഘടനയായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ബിജെപി അനുകൂല നിലപാട് കേരളത്തിലെ മുന്നണികള്‍ക്ക് തിരിച്ചടിയാകും. കേരളത്തില്‍ ഇടത് പക്ഷ അനുഭാവമുള്ളവരുടെ വ്യാപാര സംഘടന നിലവിലുണ്ട്.
Discussion about this post