കണ്ണൂര്‍: പ്രമുഖ സിപിഎം നേതാവ് പി.ജയരാജന് ബിജെപിയിലേക്കെന്ന് സാമൂഹികമാധ്യമങ്ങളില്‍ നടന്ന പചാരണത്തിന് തുടക്കമിട്ടത് സിപിഎം അനുകൂല ഫേസ്ബുക്ക് പേജുകളാണെന്ന് സൂചന. മലപ്പുറത്തെ ‘നിലപാട്’ എന്ന പേജിലാണ് പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. കടുത്ത സിപിഎം അനുകൂല പേജാണ് ഇത്. പിന്നീട് ‘പച്ചപ്പട’ എന്ന് ഗ്രൂപ്പില്‍ വാര്‍ത്ത ഷെയര്‍ ചെയ്യപ്പെട്ടുവെന്നാണ് സൂചന. പോസ്റ്ര് പിന്നീട് പിന്നീട് മുസ്ലിം ലീഗ് ഗ്രൂപ്പുകളിലെത്തുകയും വൈറലാകുകയും ചെയ്തുവെന്നാണ് ലഭിക്കുന്നസൂചന.
സംഗതി വിവാദമായതോടെ ഈ പേജുകളില്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളൊന്നും കാണാനില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഹമീദ് കൊണ്ടോട്ടി എന്നയാളാണ് ‘നിലപാട്’ എന്ന ഫേസ് ബുക്ക് പേജിലൂടെ പി.ജയരാജന് ബിജെപി.യിലേക്കെന്ന് ആദ്യം പോസ്റ്റിട്ടതെന്നാണ് സൂചന. അമിത് ഷായ്ക്ക് ജയരാജന് ബൊക്കെ നല്‍കുന്നതായി വ്യാജചിത്രം മോര്ഫുചെയ്തുണ്ടാക്കിയാണ് പോസ്റ്റ് ചെയ്തത്. ‘ നിലപാട്’, ‘പച്ചപ്പട” എന്നീ ഗ്രൂപ്പുകളുടെ ഫേസ് ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ച എട്ട് വാട്സാപ്പ് ഗ്രൂപ്പുകളെയും അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കണ്ണൂര്‍ ഡിവൈ.എസ്പി. പി.പി.സദാനന്ദന് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ സംഘപരിവാറും, മുസ്ലിം തീവ്രവാദഗ്രൂപ്പുകളുമാണ് വ്യാജപ്രചരണത്തിന് പിന്നില്‍ എന്ന ജയരാജന്റെ വാദത്തിന്റെ മുനയൊടിയുകയാണ്. നിലപാട് എന്ന പേജില്‍ പോസ്റ്റെത്തിയെന്ന വെളിപ്പെടുത്തലോടെ പോസ്റ്റിന് പിന്നില്‍ സിപിഎമ്മിനെ വിഭാഗീയത തന്നെയെന്ന സംശയമാണ് പുറത്ത് വരുന്നത്.
കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്. ഇന്‍സ്പെക്ടര്‍ പ്രദീപന് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പി ജയരാജന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സിപിഎമ്മിനകത്തെ വിഭാഗീയതയാണോ പ്രചരണത്തിന് പിന്നിലെന്ന ആരോപണം പുറത്ത് വന്നതോടെ പോലിസു ഏറെ കരുതലോടെയാണ് നീങ്ങുന്നത്.
സംഘപരിവാറാണ് വ്യാജപ്രചരണത്തിന് പിന്നില്‍ എന്ന് ജയരാജന് പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും സംംഘപരിവാറിനെ സംബന്ധിച്ച് ജയരാജന് ഏറെ വെറുക്കപ്പെട്ട സിപിഎം നേതാവാണ്. ജയരാജന് ബിജെപിയിലേക്ക് എന്ന പ്രചരണം ഒരിക്കലും ബിജെപിയോ, സംഘപരിവാര്‍ സംഘടനകളോ ഏറ്റെടുക്കാനുള്ള സാധ്യത അത് കൊണ്ട് തന്നെ കുറവാണ്. സിപിഎമ്മിനെ പോലെ ബിജെപിയ്ക്കും ഇത്തരം പ്രചാരണം ദോഷം ചെയ്യുമെന്നതിനാല്‍ മറ്റ് കേന്ദ്രങ്ങളെ ചുറ്റിപറ്റിയുള്ള അന്വേഷമാണ് പോലിസ് നടത്തുന്നത്. സിപിഎം തന്നെയാണ് വ്യാജപ്രചരണത്തിന്റെ പ്രഭവകേന്ദ്രമെന്നതിനാല് കേസ് അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്നാണ് എതിരാളികള്‍ പറയുന്നത്. എന്നാല്‍ വിഷയം സിപിഎമ്മിലെ വിഭാഗീയതയ്ക്ക് എരിവ് പകരുമെന്നും വിലയിരുത്തലുണ്ട്.
Discussion about this post