തൃശ്ശൂർ: ജോലിഭാരവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാത്തതിൽ പോലീസ് സേനയിൽ അമർഷം പുകയുന്നു. പോലീസുകാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കമ്മിറ്റികളും കൗൺസിലിംഗ് സംവിധാനവും നിലവിലുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ലെന്നാണ് വ്യക്തമാകുന്നത്. അസ്വാരസ്യങ്ങൾക്കിടെ ഉദ്യോഗസ്ഥരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞ ദിവസം സപ്പോർട്ടിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് എങ്കിലും, അതിൽ സാധാരണ പോലീസുകാർ ഇല്ലാത്തത് അമർഷം ഇരട്ടിയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സപ്പോർട്ടിംഗ് കമ്മിറ്റി രൂപീകരിച്ചത്. സാധാരണ പോലീസുകാരെ തഴഞ്ഞാണ് 16 അംഗ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. സാധാരണ പോലീസുകാർക്കായി രൂപീകരിച്ച കമ്മിറ്റിയിൽ നിന്നും അവരുടെ പങ്കാളിത്തം ഒഴിവാക്കിയത് വിരോധാഭാസമാണെന്നാണ് ഉയരുന്ന അഭിപ്രായം. അഡീഷണൽ എസ്പി ബിജു കെ സ്റ്റീഫൻ, സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്പി തോമസ് കെഎ, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ജോസ് ജോസഫ് സി എന്നിങ്ങനെ പോകുന്നു സപ്പോർട്ടിംഗ് കമ്മിറ്റി അംഗങ്ങളുടെ പട്ടിക. സീനിയർ ക്ലർക്കുമാർ, ക്ലർക്കുമാർ എന്നിവരും പട്ടികയിൽ ഉണ്ട്. ഒരു ഗ്രേഡ് എസ് സിപിഒയെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാധാരണ പോലീസുകാരുടെ പ്രശ്‌നങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്ക് അറിയില്ലെന്നാണ് ആരോപണം. പോലീസുകാരെ ഭയപ്പെടുത്തുക, ശിക്ഷിക്കുക , കീഴുദ്യോഗസ്ഥർ തെളിയിക്കുന്ന കേസുകളുടെ പങ്കുപറ്റുക എന്നിവയാണ് മേലുദ്യോഗസ്ഥരുടെ ജോലി. എന്നാൽ ഇതിനിടെ സാധാരണ പോലീസുകാർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ഉന്നത ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുകയാണ്. കേസ് നൽകുന്ന സമ്മർദ്ദത്തിന് പുറമേ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും കോടതിയിൽ നിന്നും ഇക്കൂട്ടർ സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. ഇത് താങ്ങാനാകാതെയാണ് ആത്മഹത്യയിൽ അഭയം തേടുന്നത് എന്നും സാധാരണ പോലീസുകാർ പറയുന്നു. ഇതിനിടെ ചെറിയ പിഴവിന് പോലും വിശദീകരണം പോലും ചോദിക്കാതെയുണ്ടാകുന്ന വകുപ്പു തല നടപടികൾ സാഹചര്യം സങ്കീർണ്ണമാക്കുന്നു. പലപ്പോഴും മനസ് മരിച്ചാണ് ഇവർ ജോലി ചെയ്യാറ്.
ഈ സാഹചര്യത്തിൽ പ്രശ്‌നപരിഹാരത്തിനായി ലോക്കൽ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പോലീസുകാരെ കൂടി ഉൾപ്പെടുത്തണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. മേഖലകളിൽ ശാസ്ത്രീയമായ പഠനം അനിവാര്യമാകയാൽ പ്രസ്തുത മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരെയോ പ്രഗൽഭ്യമുള്ളവരെയോ ഉൾപ്പെടുത്തി കമ്മറ്റി വിപുലീകരിക്കണം എന്നും സാധാരണ പോലീസുദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.
Discussion about this post