വിശ്രമജീവിതം സാമ്പത്തിക നേട്ടത്തിന് എപ്രകാരം വിനിയോഗിക്കാം എന്ന് ചിന്തിച്ച് തല പുകയ്ക്കുന്നവർക്ക് മുന്നിൽ ദാനധർമ്മത്തിന്റെ മഹാ മാതൃകയാകുകയാണ് രാമേശ്വരത്ത് ചായക്കട നടത്തുന്ന എഴുപത് വയസ്സുകാരി റാണിയമ്മ.
രാമേശ്വരത്തെ അഗ്നി തീർത്ഥത്തിന് സമീപം ചായയും ഇഡ്ഡലിയും വിൽക്കുന്ന റാണിയുടെ കടയിൽ ഭക്ഷണ പാനീയങ്ങൾക്ക് മിതമായ നിരക്കാണ് ഈടാക്കുന്നത്. ഒപ്പം കൈയ്യിൽ പണമില്ലാത്തതിന്റെ പേരിൽ ഭക്ഷണം നിഷേധിക്കപ്പെടുന്ന പാവങ്ങൾക്ക് സൗജന്യ ഭക്ഷണവും ഇവർ നൽകുന്നു. പഴയ രീതിയിലുള്ള അടുപ്പിൽ കൃത്രിമ രുചിക്കൂട്ടുകളൊന്നും ഉപയോഗിക്കാതെ റാണിയമ്മ ഉണ്ടാക്കുന്ന ഇഡ്ഡലിക്കും വടക്കും മറ്റ് ലഘുഭക്ഷണ പദാർത്ഥങ്ങൾക്കും ഞായറാഴ്ചയും ആവശ്യക്കാർ ഏറെയാണ്.
മത്സ്യബന്ധന തൊഴിലാളിയുടെ മകളായ രുക്കുവിന് താത്കാലിക വരുമാനമാണ് റാണിയമ്മയുടെ ചായക്കട. റാണിയമ്മയെ കാപ്പിയും പലഹാരവുമൊക്കെ ഉണ്ടാക്കാൻ സഹായിക്കുന്നത് രുക്കുവാണ്.
‘എനിക്ക് അടച്ചുറപ്പുള്ള ഒരു കടയൊന്നും ഇല്ല. ഇതൊരു ചെറിയ തട്ടുകടയാണ്. ഇവിടെ ഭക്ഷണം കഴിക്കാൻ വരുന്ന എല്ലവർക്കും സ്നേഹത്തോടെ മാത്രമാണ് ഞാൻ ആഹാരം നൽകുന്നത്. അവരെ ആരെയും ഞാൻ വേറിട്ടു കാണാറില്ല. എല്ലാവരെയും സ്വന്തം കുടുംബാംഗങ്ങളായി കാണാനാണ് എനിക്കിഷ്ടം. പണമില്ലെന്ന് കരുതി ഇവിടെ ആരെയും പരിഹസിക്കാറോ ആട്ടിപ്പായിക്കാറോ ഇല്ല. നമ്മൾ അധ്വാനിച്ച് ഉണ്ടാക്കുന്നതിന്റെ ഒരു പങ്ക് വിശക്കുന്നവർക്ക് നൽകുമ്പോൾ മാത്രമാണ് നമ്മുടെ വയർ നിറയുന്നത്.’ അഭിമുഖം ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരോട് റാണിയമ്മ പറയുന്നു.
രാമേശ്വരത്തെ ഏതൊരു ചായക്കടയിലും അറുപത് രൂപയെങ്കിലും കൊടുക്കാതെ ഒരു നേരത്തെ ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ റാണിയമ്മയുടെ കട എല്ലാവർക്കും ഒരു അനുഗ്രഹമാണ്. പകലന്തിയോളം കഷ്ടപ്പെട്ട് പണിയെടുത്തിട്ടും കൊള്ളലാഭമുണ്ടാക്കണമെന്ന ചിന്ത മനസ്സിന്റെ ഏഴയലത്ത് കൂടി പോലും കടന്നു പോയിട്ടില്ലാത്ത റാണിയമ്മ നിഷ്കളങ്കമായ ചിരിയുമായി വിശക്കുന്നവന് ആഹാരം പകരുമ്പോൾ പുലരുന്നത് ഒരു മഹാസംസ്കൃതിയാണ്. മായം കലർത്തിയും ഇരട്ടിയിലധികം വിലയീടാക്കിയും ആഹാരം വെറുമൊരു കച്ചവട വസ്തുവായി മാത്രം കാണുന്നവർക്ക് അന്നദാനമെന്ന മഹാപുണ്യത്തിന്റെ ഓർമ്മപ്പെടുത്തലാണ് രാമേശ്വരത്തെ റാണിയമ്മ.
Discussion about this post