ഹരിയാണ: രാജ്യത്തെ ക്ഷേത്രങ്ങളിലും റെയില്‍വെസ്റ്റേഷനുകളിലും ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. പാക് ഭീകരസംഘടനയായ ജയ്ഷെമുഹമ്മദാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. ആറ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലും പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ഒക്ടോബര്‍ എട്ടിനു മുമ്പ് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. ജയ്ഷെ മുഹമ്മദിന്റെ പേരിലുള്ള കത്ത് കിട്ടിയത് ഹരിയാണയിലെ റോത്തക്ക് പോലീസ് സ്റ്റേഷനിലാണ്.
തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാണ, ഉത്തര്‍പ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളും റോത്തക്ക്, ഹിസാര്‍, മുംബൈ, ചെന്നൈ, ജയ്പൂര്‍, ഭോപാല്‍, കൊട്ട തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളിലും ഒക്ടോബര്‍ എട്ടിന് മുമ്പ് സ്ഫോടനം നടത്തുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ള മസൂദ് അഹമ്മദിന്റെ പേരാണ് കത്തിലുള്ളത്. ശനിയാഴ്ചയാണ് ഭീഷണികത്ത് പോലിസ് സ്റ്റേഷനില്‍ കത്ത് ലഭിച്ചത്. തപാല്‍ വഴിയാണ് കത്ത് വന്നിരിക്കുന്നതെന്ന് ഹരിയാണ റെയില്‍വേ പോലീസ് അറിയിച്ചു.
ഭീഷണിയുടെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കും ക്ഷേത്രങ്ങളുള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാങ്ങള്‍ക്കും റെയില്‍വേ പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കശ്മീരില്‍ 370ാം വകുപ്പ് റദ്ദാക്കിയതിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഭീകരാക്രമണ ഭീഷണി പാകിസ്ഥാന് നിരന്തരം ഉയര്‍ത്തിയിരുന്നു. തമിഴ്നാട് ,കേരള ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കടല്‍മാര്‍ഗ്ഗം ഭീകരര്‍ എത്തുന്നതായി മുന്നറിയിപ്പുണ്ടായിരുന്നു . ഗുജറാത്ത് തീരുത്തും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോട്ട് കണ്ടെത്തിയത് ജനങ്ങളില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിരുന്നു .ഇതിനിടെയാണ് പാക് ഭീകര സംഘടനയുടെ പേരില്‍ ഭീഷണി വന്നിരിക്കുന്നത്.
Discussion about this post