ജനീവ: പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനത്തിൽ ഇടപെടാനൊരുങ്ങി ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി. കശ്മീർ വിഷയത്തിൽ മനുഷ്യാവകാശ ധ്വംസനം തെളിയിക്കാൻ പരാജയപ്പെട്ട പാകിസ്ഥാന് കനത്ത ആഘാതമാകും ഐക്യരാഷ്ട്ര സഭയുടെ ഇടപെടൽ.
പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തട്ടിക്കൊണ്ടു പോയി മതം മാറ്റൽ, മതനിന്ദാ നിയമത്തിന്റെ ദുരുപയോഗം എന്നിവ വ്യാപകമായി നടക്കുന്നതായി ആരോപിച്ച് നിരവധി അന്താരാഷ്ട്ര സംഘടനകളും ബലൂച് മനുഷ്യാവകാശ പ്രവർത്തകരും ഐക്യരാഷ്ട്ര സഭയെ സമീപിച്ച പശ്ചാത്തലത്തിലാണ് പാകിസ്ഥാനെ പ്രതിരോധത്തിലാക്കുന്ന തീരുമാനം ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി കൈക്കൊള്ളാൻ ഒരുങ്ങുന്നത്.
വിഷയത്തിൽ പാകിസ്ഥാൻ സൈന്യത്തിന് നിർണ്ണായകമായ പങ്കുള്ളതായും ഐക്യരാഷ്ട്ര സഭയ്ക്ക് ലഭിച്ച പരാതികളിൽ പറയുന്നു. മതാചാരങ്ങളുടെ അടിസ്ഥാനത്തിൽ ആളുകളെ തട്ടിക്കൊണ്ടു പോകുന്നത് പാകിസ്ഥാനിൽ വർദ്ധിക്കുകയാണെന്നും സൈന്യം ഇതിൽ പങ്കാളിയാണെന്നും പരാതികളിൽ ആരോപിക്കപ്പെടുന്നു. ആവാരൻ, കെച്ച് എന്നീ മേഖലകളിൽ 44 പേരാണ് ഈ വർഷം ഇത്തരം കേസുകളിൽ കാണാതായിരിക്കുന്നത്.
ആവാരൻ, കെച്ച് മേഖലകളിൽ നിന്ന് കഴിഞ്ഞ വർഷം 59 ന്യൂനപക്ഷ സമുദായാംഗങ്ങളെ കാണാതായതായും ഇവരെ കുറിച്ച് ഇതുവരെയും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിക്ക് ലഭിച്ച റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു.കഴിഞ്ഞ വർഷം അജ്ഞാതർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ ബഷീർ അഹമ്മദ് എന്ന അഹമ്മദീയ മുസ്ലീം യുവാവിന്റെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ പാക് സൈനിക ക്യാമ്പിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു.
തങ്ങളുടെ മനുഷ്യാവകാശങ്ങൾ നിരന്തരം ലംഘിക്കപ്പെടുന്നതായി കാണിച്ച് പാകിസ്ഥാനിലെ ഹിന്ദുക്കളും ക്രൈസ്തവരും ബുദ്ധമതക്കാരും ജൈന മതക്കാരും സിഖുമാരും അഹമ്മദീയരും ഷിയാകളുമടങ്ങുന്ന ന്യൂനപക്ഷ ജനതയുടെ കൂട്ടായ്മ സർക്കാരിന് സമർപ്പിച്ച നിവേദനം ഇപ്പോഴും പരിഗണിക്കപ്പെടാതെ ഇരിക്കുന്ന അവസ്ഥയാണ് പാകിസ്ഥാനിൽ ഉള്ളത്.
പെൺകുട്ടികളുടെ വിവാഹ പ്രായം 16ൽ നിന്ന് 18 ആയി ഉയർത്തുക, ന്യൂനപക്ഷ സമുദായങ്ങൾക്ക് 5 ശതമാനം സംവരണം ഏർപ്പെടുത്തുക, അരാധനാലയങ്ങൾക്കും വീടുകൾക്കും സംരക്ഷണം ഉറപ്പു വരുത്തുക, തൊഴിലിടങ്ങളിലെ വിവേചനം അവസാനിപ്പിക്കുക, മതദ്വേഷം പ്രചരിപ്പിക്കുന്ന പുസ്തകങ്ങൾ നിരോധിക്കുക, സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പ് വരുത്താൻ ക്രിമിനൽ നിയമ സംവിധാനം പരിഷ്കരിക്കുക, തട്ടിക്കൊണ്ടു പോകലും നിർബന്ധിത മതം മാറ്റങ്ങളും ലൈംഗികാതിക്രമങ്ങളും തടയുക എന്നിവയാണ് ന്യൂനപക്ഷങ്ങളുടെ ആവശ്യം.
പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ കടുത്ത അരക്ഷിതാവസ്ഥയിലും ഭയപ്പാടിലുമാണ് കഴിയുന്നതെന്ന് ഐക്യരാഷ്ട്ര സഭയിലെ ന്യൂനപക്ഷ സംരക്ഷണ വിഭാഗം കഴിഞ്ഞ മാസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ പാകിസ്ഥാനെതിരെ നടപടി സ്വീകരിക്കാനുള്ള സാദ്ധ്യതയാണ് തെളിയുന്നത്.
Discussion about this post