അമരാവതി: കൃഷ്ണ നദീ തീരത്തെ വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് ടിഡിപി നേതാവും മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന് ആന്ധ്രാ സർക്കാർ വീണ്ടും നോട്ടീസ് നൽകി. ചട്ടം ലംഘിച്ച് നിർമ്മിച്ച വീടാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് നായിഡുവിന്റെ വീട്ടു മതിലിൽ ഒട്ടിച്ചു. ഒഴിയാൻ ഏഴ് ദിവസത്തെ സമയപരിധിയാണ് നായിഡുവിന് നൽകിയിരിക്കുന്നത്.
പറഞ്ഞ സമയത്തിനുള്ളിൽ വീടൊഴിഞ്ഞില്ലെങ്കിൽ നിർബന്ധിത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും സർക്കാർ അറിയിച്ചു. കൃഷ്ണ നദീ തീരത്തെ അനധികൃത നിർമ്മാണം സംബന്ധിച്ച് ചന്ദ്രബാബു നായിഡുവിന് നേരത്തെ സർക്കാർ പ്രാഥമിക നോട്ടീസ് നൽകിയിരുന്നു. അതിന്റെ തുടർച്ചയാണ് നടപടി.
കൃഷ്ണ നദീതീരത്ത് നിന്നും 100 മീറ്റർ മാത്രം മാറി ഒന്നര ഏക്കറിലാണ് നായിഡുവിന്റെ വീട് നിൽക്കുന്നത്. എന്നാൽ താൻ വാടകക്കാരനാണെന്നും ഉടമ മറ്റൊരാളാണെന്നും കാണിച്ച് ചന്ദ്രബാബു നായിഡു രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്ന് ഉടമ എന്ന് നായിഡു പറഞ്ഞ രമേശിനും സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്. ഒഴിഞ്ഞില്ലെങ്കിൽ വീട് പൊളിച്ചു നീക്കാനാണ് സർക്കാർ പദ്ധതിയെന്ന് സൂചനയുണ്ട്.
Discussion about this post