റാഫേൽ പോർ വിമാനങ്ങളിൽ പാക്കിസ്ഥാൻ പൈലറ്റുമാർ പരിശീലനം നേടിയെന്ന് വീണ്ടും അവകാശവാദം. പാക്കിസ്ഥാൻ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. പാക്കിസ്ഥാൻ വ്യോമസേനയുടെ (പിഎഎഫ്) പൈലറ്റുമാർ ഇതിനകം തന്നെ റാഫേൽ യുദ്ധവിമാനങ്ങൾ പറത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നതാണ് റിപ്പോർട്ട്. എന്നാൽ പാക്കിസ്ഥാൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് ഇന്ത്യ നിഷേധിച്ചു.
ഇസ്ലാമാബാദ് ആസ്ഥാനമായുള്ള ഒരു പത്രത്തിൽ വന്ന റിപ്പോർട്ടിൽ ഫ്രാൻസിലെ ഡസ്സോൾട്ട് ഏവിയേഷൻ നിർമിച്ച റാഫേൽ യുദ്ധവിമാനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള പരിശീലനം പിഎഎഫ് പൈലറ്റുമാർക്ക് ലഭിച്ചു എന്നാണ് അവകാശപ്പെടുന്നത്. ഫ്രഞ്ച് ഏവിയേഷൻ മേജർ ആദ്യത്തെ റാഫേൽ യുദ്ധവിമാനം ഇന്ത്യക്ക് കൈമാറുന്നതിന് രണ്ടാഴ്ചയ്ക്കുള്ളിലാണ് പിഎഎഫ് പൈലറ്റുമാർക്ക് വിമാനത്തിലേക്ക് പ്രവേശനം ലഭിക്കുമെന്ന റിപ്പോർട്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എന്നാൽ ഏതെങ്കിലും പൈലറ്റുമാരെ ഉദ്ധരിച്ചല്ല റിപ്പോർട്ട് വന്നിരിക്കുന്നത്. റാഫേൽ ജെറ്റിന്റെ കൃത്യമായ സവിശേഷതകൾ പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് അറിയാമെന്ന് മാത്രമാണ് അവകാശപ്പെടുന്നത്. ഇത്തരം അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ വ്യോമസേന അധികൃതർ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഇന്ത്യ റാഫേൽ വാങ്ങിയതിനുള്ള മുഖ്യ കാരണം പാക്കിസ്ഥാനെ പ്രതിരോധിക്കുകയാണ്. പ്രത്യേകിച്ചും 2019 ഫെബ്രുവരി അവസാനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളുടെ വെളിച്ചത്തിൽ. ഇത് സംബന്ധിച്ച് നേരത്തെയും റിപ്പോർട്ടുകള് വന്നിരുന്നു. ഖത്തർ വ്യോമസേനയുടെ കീഴിലുള്ള പാക്കിസ്ഥാൻ പൈലറ്റുമാരെ ഫ്രാൻസിലേക്ക് റാഫേലുകളിൽ പരിശീലിപ്പിക്കുന്നതിനായി അയച്ചിട്ടുണ്ട് എന്നാണ് ആരോപണം.
Discussion about this post