തിരുവനന്തപുരം: ഡിജിറ്റല്‍ ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാകാന്‍ കേരളം തയ്യാറെടുക്കുന്നു.. അതിവേഗ ഇന്റര്‍നെറ്റ് സൗകര്യത്തിനുള്ള നാഷനല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്ന ജോലികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി. ആവശ്യമായ സര്‍ക്കാര്‍ സേവനങ്ങള്‍ ഇന്റര്‍നെറ്റ് വഴി ലഭ്യമാക്കുകയും ചെയ്തതോടെയാണു ഡിജിറ്റല്‍ കേരളം യാഥാര്‍ഥ്യമാകുന്നത്. പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അടുത്ത മന്ത്രിസഭായോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. ഡിജിറ്റല്‍ കേരള പ്രഖ്യാപനത്തിനായി ഐടി മിഷന് തയാറാക്കിയ റിപ്പോര്‍ട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കു കൈമാറി. ഇതു പരിഗണിച്ചശേഷമാകും മന്ത്രിസഭാ തീരുമാനം. എല്ലാ പഞ്ചായത്തുകളിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്ന ദേശീയ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് പദ്ധതി ഈ മാസത്തോടെ പൂര്‍ത്തിയാകും. പദ്ധതി പൂര്‍ത്തിയായ രാജ്യത്തെ ആദ്യജില്ലയായി ഇടുക്കിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഗോവയുമായാണ് ആദ്യ ഡിജിറ്റല്‍ സംസ്ഥാനപദവിക്കു കേരളം മല്‍സരിക്കുന്നത്. കേരളത്തെക്കാള്‍ കുറഞ്ഞ ഭൂവിസ്തൃതിയും ജനസംഖ്യയുമുള്ള ഗോവയ്ക്കു ഡിജിറ്റല്‍ പദവി താരതമ്യേന എളുപ്പമാണ്. എന്നാല്‍ സര്‍ക്കാര്‍ സേവനങ്ങളില്‍ ഐടി സാധ്യതകള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ഗോവ ഇപ്പോഴും പിന്നിലാണ്.
സര്‍ക്കാരിന്റെ ഐടി സേവനങ്ങള്‍ നിയന്ത്രിക്കുന്ന ടെക്നോപാര്‍ക്കിലെ സ്റ്റേറ്റ് ഡേറ്റാ സെന്റര്‍ പൂര്‍ണമായി ക്ലൗഡ് സംവിധാനത്തിലേക്കു മാറിക്കഴിഞ്ഞു. ഓരോ വകുപ്പിനും ഐടി സേവനങ്ങള്‍ നല്കാന് ഇനി പ്രത്യേകം സര്‍വറുകള്‍ വേണ്ട. ഇന്ത്യയില്‍ രണ്ടാമത്തെ ക്ലൗഡ് സംവിധാനമാണ് എസ്ഡിസിയില്‍ ഒരുക്കിയിരിക്കുന്നത്.
ഇ-ഗവേണന്‍സിന്റെ തുടര്‍ച്ചയായി സര്‍ക്കാര്‍ സേവനങ്ങള്‍ എം-ഗവേണന്‍സ് വഴി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. വൈദ്യുതി ബില്‍ അടയ്ക്കുന്നതു മുതല്‍ ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ വരെയുള്ള സര്‍ക്കാര്‍ സേവനങ്ങളും മൊബൈല്‍ഫോണ്‍ വഴി ലഭ്യമാക്കാനായി ഐടി മിഷന് വികസിപ്പിക്കുന്ന ലളിതമായ ആപ്ലിക്കേഷന്‍ ഉടന്‍ പുറത്തിറങ്ങും. സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും സേവനം ലഭ്യമാക്കുന്ന തരത്തിലാണ് ആപ് തയാറാക്കുന്നത്.
ഐടി വകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വൈ ഫൈ ഹോട്ട് സ്പോട്ടുകള്‍ സ്ഥാപിക്കുന്ന പദ്ധതി തുടങ്ങി. ആദ്യഘട്ടത്തില്‍ 100 പഞ്ചായത്തുകള്‍ ഒരു മാസത്തിനുള്ളില്‍ വൈഫൈ ഹോട്ട് സ്പോട്ടുകളാകും. സംസ്ഥാനത്തെ അയ്യായിരത്തിലേറെ വരുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ വൈഫൈ സംവിധാനത്തിലേക്കു മാറ്റുന്ന പദ്ധതി ഐടി അറ്റ് സ്കൂളിന്റെ കീഴില്‍ നടപ്പാക്കുന്നുണ്ട്. ഐടി അറ്റ് സ്കൂളിന്റെ ഡിജിറ്റല്‍ ടെക്സ്റ്റ് ബുക്ക് പദ്ധതി, പൊതുജനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കാനുള്ള ഡിജിറ്റല്‍ ലോക്കര്‍ പദ്ധതി തുടങ്ങിയവയും ഡിജിറ്റല്‍ മുന്നേറ്റത്തില്‍ കേരളത്തെ മുന്‍നിരയിലെത്തിക്കുന്നു.
ആയിരം പഞ്ചായത്തുകളുള്ള കേരളത്തിലെ ആകെ ജനസംഖ്യ 3.3കോടിയാണ്.ആകെയുള്ള മൊബാല്‍ ഫോണ്‍ കണക്ഷന് 3.1കോടിയും. ഇതില്‍ത്തന്നെ ഇന്റര്‍ കണക്ഷന് ഉള്ളവരുടെ എണ്ണം 1.23 കോടിയാണ്. അക്ഷയ കമ്പ്യൂട്ടര്‍ സേവന കേന്ദ്രങ്ങള്‍ 2300 ഉം ആണ്. ഇതെല്ലാം കേരളത്തെ വളരെ വേഗം ഡിജിറ്റല്‍ ആക്കാന്‍ സഹായിക്കുന്ന വസ്തുതകളാണ്.
Discussion about this post