കൊച്ചി: മരടിലെ തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിക്കുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. അതേസമയം ഫ്ലാറ്റുടമകൾക്ക് നാലാഴ്ചയ്ക്കുള്ളിൽ സർക്കാർ 25ലക്ഷം രൂപ താൽക്കാലിക നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
അടുത്തമാസം 11 ന് പൊളിക്കൽ നടപടികൾ ആരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. 90 ദിവസത്തിനുള്ളിൽ കെട്ടിടങ്ങൾ പൊളിക്കുമെന്ന് സർക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. 138 ദിവസത്തിനുള്ളിൽ എല്ലാ നടപടികളും പൂർത്തിയാക്കുമെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം നഷ്ടപരിഹാരം നൽകുന്നത് വരെ ഫ്ലാറ്റുകളിൽ താമസിക്കാൻ ഉടമകളെ അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി. എന്നാൽ ഫ്ലാറ്റുകളിൽ നിന്ന് പുറത്ത് പോകുന്നവർക്ക് താമസിക്കാൻ സംവിധാനം ഉണ്ടാകണമെന്നും, ജനങ്ങളെ ഒഴിപ്പിക്കാനല്ല നിയമലംഘനം തടയാനാണ് ശ്രമിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കെട്ടിടം ഒഴിപ്പിക്കാനുള്ള തുകയും നഷ്ടപരിഹാരം നൽകാനുള്ള തുകയും നിർമ്മാതാക്കളിൽ നിന്ന് ഈടാക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
Discussion about this post