ഡൽഹി: കശ്മീർ വിഷയത്തിലെ കോൺഗ്രസ്സ് നേതാവ് ഗുലാം നബി ആസാദിന്റെ പരാമർശങ്ങൾക്ക് ചുട്ട മറുപടിയുമായി കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി.
കോൺഗ്രസ്സും സഖ്യ കക്ഷികളും കശ്മീരിൽ കുഴിച്ച കുഴികൾ കേന്ദ്രസർക്കാർ മണ്ണിട്ട് മൂടാൻ ശ്രമിക്കുകയാണെന്നും അതിന് ഗുലാം നബി അസാദ് അടക്കമുള്ള നേതാക്കൾ എന്തിനാണ് ആശങ്കപ്പെടുന്നതെന്നും കേന്ദ്ര മന്ത്രി ചോദിച്ചു. ജമ്മു കശ്മീരിൽ തനിക്ക് യാത്രാവിലക്കുണ്ടെന്നും ജനങ്ങളെ സ്വതന്ത്രരായി ജീവിക്കാൻ അനുവദിക്കുന്നില്ലെന്നുമായിരുന്നു ഗുലാം നബി ആസാദിന്റെ പരാമർശം.
ജമ്മു കശ്മീരിൽ നിയമസംവിധാനം പരിപാലിക്കുക എന്നത് കേന്ദ്രസർക്കാരിന്റെ കടമയാണെന്നും തങ്ങൾ അത് ഭംഗിയായി ചെയ്യുന്നുണ്ടെന്നതിന്റെ തെളിവാണ് കോടതികളുടെ നിലപാടെന്നും നഖ്വി കൂട്ടിച്ചേർത്തു. ഭീകരവാദികളോടും തീവ്രവാദ സംഘടനകളോടും യാതൊരുവിധത്തിലുള്ള മൃദു സമീപനവും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങൾ കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും നയങ്ങളിൽ തൃപ്തരാണെന്നും ഹരിയാനയിലും മഹാരാഷ്ട്രയിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ അതിന്റെ വിലയിരുത്തലാകുമെന്നും കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു.
മഹാരാഷ്ട്രയിലും ഹരിയാനയിലും ഒക്ടോബർ 21നാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഒക്ടോബർ 24നാണ് ഫലപ്രഖ്യാപനം.
Discussion about this post