ഡൽഹി: ഡൽഹി മുതൽ കത്ര വരെയുള്ള ദൂരം ഇനി കേവലം എട്ട് മണിക്കൂർ കൊണ്ട് സഞ്ചരിക്കാം. വൈഷ്ണോ ദേവി തീർത്ഥാടകർക്കടക്കം ഗുണകരമായ വന്ദേ ഭാരത് എക്സ്പ്രസ് ഒക്ടോബർ മൂന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യും.
ഒക്ടോബർ മൂന്നിന് അമിത് ഷാ ഉദ്ഘാടനം നിർവ്വഹിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ കൊമേഴ്സ്യൽ റൺ ഒക്ടോബർ അഞ്ചിനാണ്. ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും ട്രെയിൻ സർവീസ് ഉണ്ടാകും. 655 കിലോമീറ്റർ യാത്ര ചെയ്യാൻ പന്ത്രണ്ട് മുതൽ പതിനാല് മണിക്കൂർ വരെ എടുത്തിരുന്ന സ്ഥാനത്ത് ഇനി മുതൽ വെറും എട്ട് മണിക്കൂർ മതിയാകും.
രാവിലെ ആറ് മണിക്ക് ന്യൂഡൽഹി റയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര ആരംഭിക്കുന്ന ട്രെയിൻ രണ്ട് മണിക്ക് കത്രയിലെത്തും. കത്രയിൽ നിന്നും വൈകുന്നേരം മൂന്ന് മണിക്ക് യാത്ര തിരിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് രാത്രി പതിനൊന്ന് മണിയോടെ തിരിച്ച് തലസ്ഥാനത്തെത്തും.
അംബാല, ലുധിയാന, ജമ്മു താവി എന്നിവിടങ്ങളിൽ വണ്ടിക്ക് സ്റ്റോപ്പ് ഉണ്ടാകും. ഇന്ത്യയിൽ നിർമ്മിച്ച വന്ദേ ഭാരത് എക്സ്പ്രസ് സ്ഥല സൗകര്യം കൊണ്ടും വേഗത കൊണ്ടും രൂപകല്പന കൊണ്ടും ശ്രദ്ധേയമാണ്. ഓട്ടോമാറ്റിക് വാതിലുകളും വൈ ഫൈ സംവിധാനവും ഇതിന്റെ മേന്മകളാണ്.
Discussion about this post