ഡല്‍ഹി; കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍പിംഗിനെ ഓര്‍മ്മിപ്പിച്ച് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മിലുള്ള അനൗദ്യോഗികകൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായുള്ള ചൈനീസ് പ്രസിഡന്റ് സിന് ജിന്‍പിംഗ് കൂടിക്കാഴ്ചയില്‍ കശ്മീര്‍ പരാമര്‍ശത്തെക്കുറിച്ച് ചൈന പാക്കിസ്ഥാന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്നും മറ്റൊരു രാജ്യവും ഇടപെടാന്‍ അനുവദിക്കില്ലെന്നും നിലപാട് വ്യക്തമാക്കിയത്.
ചെന്നൈയില്‍ വെച്ചാണ് മോദി ഷീ ജിന്‍പിംഗ് ഔദ്യോഗിക കൂടിക്കാഴ്ച നടക്കുക .വരുന്ന വെള്ളി, ശനി ദിവസങ്ങളിലാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ചെന്നൈയ്ക്കടുത്ത് മഹാബലിപുരത്താണ് കൂടിക്കാഴ്ചയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും ഒരേസമയം ഓദ്യോഗിക പ്രഖ്യാപനം നടത്തി. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ചൈനയിലെ വുഹാനില്‍ വെച്ചാണ് മോദി-ഷീ ജിന്‍പിംഗ് ഒന്നാമത് അനൗദ്യോഗിക കൂടിക്കാഴ്ച നടന്നത്.
”ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച റിപ്പോര്‍ട്ട് കണ്ടു, ഇത് കശ്മീരിനെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് രവീഷ് കുമാര്‍ പറഞ്ഞു.ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് ചൈനയ്ക്ക് നന്നായി അറിയാമെന്നും ഇന്ത്യയുടെ നിലപാട് സ്ഥിരവും വ്യക്തവുമാണെന്ന് വിദേശ കാര്യ വക്താവ് അഭിപ്രായപ്പെട്ടു.
Discussion about this post