തിരുവനന്തപുരം: ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന വിജിലന്‍സിന്റെ ക്വിക് വെരിഫിക്കേഷന് റിപ്പോര്‍ട്ട് വിജിലന്ഡസ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ അംഗീകരിച്ചു. ബാബുവിനെതിരെ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ലഭ്യമായില്ലെന്നും എഫ്.ഐ.ആര് ഇടേണ്ട ആവശ്യമില്ലെന്നും വിജിലന്‍സ് മധ്യമേഖലാ എസ്.പി കെ.എം. ആന്റണി ജൂണ്‍ 10ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ബാര്‍ ലൈസന്‍സ് ഫീസ് 22 ലക്ഷത്തില്‍നിന്ന് 30 ലക്ഷം രൂപയാക്കാതിരിക്കാന് ബാബു 10 കോടി രൂപ ആവശ്യപ്പെട്ടെന്നും ബാബുവിന്റെ നിര്‍ദേശപ്രകാരം പലയിടങ്ങളില്‍ വെച്ച് തുക കൈമാറിയെന്നുമായിരുന്നു ബിജു രമേശിന്റെ ആരോപണം.
മാര്‍ച്ച് 31ന് തിരുവനന്തപുരം ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ സി.ആര്.പി.സി 164ാം വകുപ്പ് പ്രകാരം ബിജു നല്കിയ മൊഴിയിലാണ് ആരോപണം ഉന്നയിച്ചത്. പത്ത് കോടിയില്‍ 50 ലക്ഷം മന്ത്രിയുടെ ഓഫിസിലത്തെി കൈമാറിയെന്ന് പിന്നീട് ബിജു മാധ്യമങ്ങളിലൂടെയും ആരോപിച്ചു. തുടര്‍ന്നാണ് ഏപ്രില്‍ 30ന് ബാബുവിനെതിരെ ക്വിക് വെരിഫിക്കേഷന് പ്രഖ്യാപിച്ചത്. ബിജു രമേശ്, ഡ്രൈവര്‍ അമ്പിളി, കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹി റഫീസ് എന്നിവര്‍ മാത്രമാണ് ബാബുവിനെതിരെ മൊഴി നല്‍കിയത്. എന്നാല്‍, മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ കൈമാറാന്‍ ഇവര്‍ക്കായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post