കൊച്ചി: വിഎച്ച്പി അഖിലേന്ത്യ വര്‍ക്കിംഗ് പ്രസിഡണ്ട് പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തില്‍ കേരളത്തില്‍ വിവിധ ഹിന്ദു സമുദായ സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ക്കുന്നു. ഞായറാഴ്ച രാവിലെ എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന യോഗത്തില്‍ എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങിയ സമുദായ സംഘടനകളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്താണ് യോഗം വിളിച്ചിരിക്കുന്നത്.
വിശ്വഹിന്ദു പരിഷത്ത് രാജ്യവ്യാപകമായി നടപ്പാക്കുന്ന
ഇന്ത്യഹെല്ത്ത് ലൈനിന്റെ വിജയത്തിന് വേണ്ടിയാണ് യോഗം വിളിക്കുന്നതെന്നാണ് വിഎച്ച്പി സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. പാവങ്ങള്‍ക്ക് ചികിത്സ സഹായം ലഭ്യമാകുന്നതുള്പ്പടെ വിവിധ പരിപാടികളാണ് ഇന്ത്യ ഹെല്‍ത്ത് ലൈന്‍ നടപ്പാക്കുന്നത്. ഹൈന്ദവ സമുദായത്തിലെ എല്ലാവര്ക്കും പദ്ധതിയുടെ പ്രയോജനം എത്തിക്കുന്നതിന്റെ ഭാഗമായാണ് ഹിന്ദു സമുദായ സംഘടനകളെ ഉള്‍പ്പടെയുള്ളവരെ ഒരുമിച്ച് ഒരുവേദിയിലെത്തിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്ഡ എസ്.ജ. ആര് കുമാര്‍, ജനറല്‍ സെക്രട്ടറി വി മോഹനന് എന്നിവര്‍ പറയുന്നു.
ഹിന്ദു സമുദായ സംഘടനകളെ സംഘപരിവാറിന് കീഴില്‍ ഒരുമിപ്പിക്കാനുള്ള ശ്രമം കേരളത്തില്‍ നടക്കുന്നതിനിടെ തൊഗാഡിയ നേരിട്ട് പങ്കെടുക്കുന്ന സമുദായസംഘടനകളുടെ യോഗത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്നുണ്ട്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി പ്രവീണ്‍ തൊഗാഡിയ നേരത്തെ കേരളത്തിലെത്തി ചര്‍ച്ച നടത്തിയിരുന്നു. മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി എന്ന ഔദ്യോഗിക വിശദീകരണമാണ് കൂടിക്കാഴ്ചയ്ക്ക് നല്‍കിയിരുന്നെങ്കിലും അതിനുമപ്പുറത്ത് എസ്എന്‍ഡിപി സംഘപരിവാര്‍ സംഘടനകളുമായി യോജിക്കുന്നതിന്റ ഭാഗാമായായിരുന്നു കൂടിക്കാഴ്ചയെന്നായിരുന്നു വിലയിരുത്തല്‍, ബിജെപിയോട് അയിത്തമില്ല എന്ന വെള്ളാപ്പള്ളിയുടെ തുടര്‍ന്നുള്ള പ്രസ്താവനയും, അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ രഹസ്യമായി ബിജെപിയെ പിന്തുണച്ചതും എസ്എന്‍ഡിപിയുടെ മാറിയ നിലപാടാണെന്ന വിലയിരുത്തലുണ്ടായി. കെപിഎംഎസ് പോലുള്ള സംഘടനകള്‍ നേരത്ത തന്നെ ബിജെപിയോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു. ഇതിനിടയില്‍ വിഎച്ച്പി വിളിച്ച് ചേര്‍ത്തിരിക്കുന്ന യോഗം ഏറെ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
എന്‍എസ്എസ്, എസ്എന്‍ഡിപി, തുടങ്ങി എല്ലാ സമുദായ സംഘടന പ്രതിനിധികളെയും ഹിന്ദു സംഘടനകളെയും യോഗത്തിന് വിളിച്ചിട്ടുണ്ട്. എന്‍എസ്എസ് പ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ തൊഗാഡിയയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വിഎച്ച്പി നേതാക്കള്‍ കരുതുന്നത്.
ഞായറാഴ്ച ഈ യോഗത്തിന് പുറമെ തിരുവല്ലയില്‍ എസ്എന്‍ഡിപി സംഘടിപ്പിക്കുന്ന കര്‍ഷക പരിശീലന പരിപാടിയിലും തൊഗാഡിയ പങ്കെടുക്കുന്നുണ്ട്.
Discussion about this post