ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് പിടികൂടിയ മലയാളികളായ തീവ്രവാദികള്‍ കുറ്റസമ്മതം നടത്തിയതായി എന്‍ഐഎ ഐജി അലോക് മിത്തല്‍ പറഞ്ഞു. ശ്രീലങ്കയിലെ കൃസ്ത്യന്‍ പള്ളിയില്‍ സ്ഫോടനം നടത്തിയതിന്റെ ബുദ്ധികേന്ദ്രം സഹ്രാന്‍ ഹാഷ്മിയുടെ ഐഎസ് അനുകൂല വീഡിയൊവില്‍ പ്രതികള്‍ ആകൃഷ്ടരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരവിരുദ്ധ സ്ക്വാഡ് തലവന്മാരുടെ (എടിഎസ്)യോഗത്തില്‍ സംസാരിക്കുകയായിരുന്നു മിത്തല്‍.
ലങ്കന്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അഞ്ച് മലയാളികളെ പിടികൂടിയിരുന്നു. കോയമ്പത്തൂരില്‍ നിന്നും മധുരയില്‍ നിന്നുമായിരുന്നു അറസ്റ്റ്. കേസില്‍ പിടിയിലായ 35 പേരില്‍ ഒന്‍പത് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി അലോക് മിത്തല്‍ പറഞ്ഞു.
ജമാ അത്ത് ഉല് മുജാഹിദില് ബംഗ്ലാദേശ് ഇന്ത്യയിലുടനീളം സ്ഫോടനങ്ങള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് എന്‍ഐഎ മേധാവി വൈ.സി മോദി പറഞ്ഞു. 125 പേരെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിനായി വിന്യസിച്ചതായാണ് സംശയം. ജെഎന്‍ബി നേതാക്കളുമായി ബന്ധമുള്ള ഇവരുടെ പേര് വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
കര്‍ണാടക അതിര്‍ത്തിയിലെ കൃഷ്ണഗിരി ഹില്‍സില്‍ ജമാ അത്ത് ഉല് മുജാഹിദില് ബംഗ്ലാദേശ് റോക്കറ്റ് ലോഞ്ചര്‍ പരീക്ഷിച്ചതായി വ്യക്തമായിട്ടുണ്ടെന്ന് അലോക് മിത്തല്‍ പറഞ്ഞു. 20-22 ഒളികേന്ദ്രങ്ങള്‍ ബംഗളൂരുവില്‍ ഭീകരസംഘടനയ്ക്കുണ്ട്. ദക്ഷിണേന്ത്യയില്‍ അവരുടെ വേരുകള്‍ പടര്‍ത്തുകയാണ് ലക്ഷ്യം. മ്യാന്മറില് റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ നടപടികളില്‍ പ്രതിഷേധിച്ച് ബുദ്ധക്ഷേത്രങ്ങളില്‍ സ്ഫോടനം നടത്താന്‍ ജമാ അത്ത് ഉല് മുജാഹിദില് ബംഗ്ലാദേശ് പദ്ധതിയിട്ടിട്ടുണ്ടെന്നും മിത്തല്‍ വിശദീകരിച്ചു.
യോഗത്തില്‍ പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനമാണ് അജിത് ഡോവല്‍ നടത്തിയത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കല്‍ പാക്കിസ്ഥാന് നയമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post