ബൈക്കപകടത്തിൽ യുവാക്കൾ മരിച്ച സംഭവം അവയവ മാഫിയ നടത്തിയ കൊലപാതകമാണെന്ന പരാതിയെത്തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു.2016 നവംബറിൽ പെരുമ്പടപ്പിൽ ബൈക്കപകടത്തിലാണ് അവിയൂർ സ്വദേശി നജീബുദ്ദീൻ (16), സുഹൃത്ത് വന്നേരി സ്വദേശി വാഹിദ് (16) എന്നിവര് മരിച്ചത്. ‘ജോസഫ്’ സിനിമയിലെ മാതൃകയിൽ നടത്തിയ അപകടമാണെന്നാണ് പരാതിയുയർന്നിരിക്കുന്നത്.
മരണത്തിൽ സംശയം പ്രകടിപ്പിച്ച് നജീബുദ്ദീന്റെ പിതാവ് മൂത്തേടത്ത് ഉസ്മാൻ നൽകിയ പരാതിയിലാണ് അന്വേഷണം. അവയവ മാഫിയയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉസ്മാൻ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
അപകടശേഷം രണ്ടുപേരെയും വ്യത്യസ്ത വാഹനങ്ങളിലാണ് ആശുപത്രിയിലെത്തിച്ചത്. വാഹിദ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും നജീബുദ്ദീൻ തൃശൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ മൂന്നാംദിവസവുമാണ് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലക്കേറ്റ ആഘാതമാണ് മരണകാരണമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഇൻക്വസ്റ്റ് റിപ്പോർട്ടിലെ പൊരുത്തക്കേടുകളെത്തുടർന്ന് ഉസ്മാൻ കൂടുതൽ തെളിവ് ശേഖരിക്കുകയായിരുന്നു.
നജീബുദ്ദീന്റ ദേഹത്ത് ശസ്ത്രക്രിയ നടത്തിയ പാടുകളും ഇരുകൈകളിലും കഴുത്തിലും കെട്ടുമുറുക്കിയ പോലെയുള്ള കറുത്ത അടയാളങ്ങളും മരണശേഷം കണ്ടതായി പിതാവ് ഉസ്മാൻ പറയുന്നു. അപകടശേഷം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. മകനെ ആശുപത്രിയിൽ എത്തിച്ചവരെക്കുറിച്ച് ആർക്കുമറിയാത്തതും അപകടം നടന്ന സമയത്ത് നിലവിളിയോ മറ്റ് ശബ്ദമോ പരിസരവാസികൾ കേൾക്കാത്തതും സംശയം ബലപ്പെടുത്തുന്നതായി ഉസ്മാൻ പരാതിയിൽ ചൂണ്ടിക്കാട്ടി.ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിനാണ് അന്വേഷണ ചുമതല.
Discussion about this post