അന്തരിച്ച റിട്ടയേഡ് ജുഡീഷ്യല്‍ മിജിസ്ട്രേറ്റിന്റെ കോടികള്‍ വിലയുള്ള സ്വത്ത് വ്യാജ ഒസ്യത്ത് തയ്യാറാക്കി തട്ടിയെടുക്കാന്‍ ബന്ധുക്കള്‍ക്ക് കൂട്ടു നിന്നു എന്ന പരാതിയില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് ഉള്‍പ്പെടെ മൂന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പൊലീസ് അന്വേഷണം.
2011 മെയ് ആറിന് അന്തരിച്ച ലിങ്കണ്(79) ഏബ്രഹാമിന്റെ പേരിലുള്ള 565.0623 ആര് ഭൂമി തട്ടിയെടുക്കാന്‍ ബന്ധുവിനു വേണ്ടി ഇടനിലക്കാരായി എന്ന പരാതിയിലാണ് സിദ്ദീഖ്, എന്‍ കെ അബ്ദുറഹിമാന്, ഹബീബ് തമ്പി എന്നിവര്‍ക്കെതിരേ താമരശേരി പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
ലിങ്കണ് ഏബ്രഹാമിന്റെ സഹോദരന് കെ എ ഫിലോമെന്‍ നേതാക്കള്‍ക്ക് ഭൂമി എഴുതി നല്കിയ തീറാധാരത്തിന്റെ പകര്‍പ്പ് ഉള്‍പ്പെടെയാണ് പരാതി. ഈ ഭൂമി കൈമാറ്റം നേതാക്കള്‍ക്കുള്ള പ്രതിഫലമാണോ എന്നുള്‍പ്പെടെയാണ് അന്വേഷണം. 2015 സെപ്റ്റംബര്‍ 22നു താമരശേരി സബ് രജിസ്ട്രാര്‍ ഓഫീസിലാണ് ഇവര്‍ക്ക് തീറാധാരം രജിസ്റ്റര്‍ ചെയ്തു നല്‍കിയത്. ഓരോരുത്തര്‍ക്കും 40. 47 ആര് ഭൂമി വീതം നല്കി എന്നാണ് രേഖകളില്‍ നിന്നു വ്യക്തമാകുന്നത്
താമരശേരി രാരോത്ത് വില്ലേജ് പരിധിയിലെ സ്വപ്ന പ്ലാന്റേഷന് എന്നും അരിയൂര്‍ എസ്റ്റേറ്റ് എന്നും അറിയപ്പെടുന്ന എസ്റ്റേറ്റും അതിലെ വീടുമാണ് വിവാദത്തില്‍. ലിങ്കണ് ഏബ്രഹാമിന്റെ പിതാവ് കെ എം ഏബ്രഹാമിന്റെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിനു ഒസ്യത്തു പ്രകാരം നീക്കിവച്ച ഭൂമി വ്യാജ ഒസ്യത്ത് തയാറാക്കി ഫിലോമെന്‍ സ്വന്തമാക്കി എന്നാണ് പരാതി. ഫിലോമെന്റെ അടുത്ത ബന്ധുവും സിദ്ദീഖും തമ്മിലുള്ള സൗഹൃദം മൂലമാണ് സിദ്ദീഖും മറ്റു നേതാക്കളും ഇതില്‍ ഇടപെട്ടത്. ഈ ഇടപെടലും വ്യാജ ഒസ്യത്തും അതിനു പ്രതിഫലമായി കോടികള്‍ വിലവരുന്ന ഭൂമി നല്കിയതും ശരിയാണെന്നു തെളിഞ്ഞാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തും. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി അടുത്ത ദിവസംതന്നെ ഇവരുടെ മൊഴിയെടുക്കും.
Discussion about this post