വിദ്യാര്‍ഥികളുടെ അഭിരുചി ഹൈസ്കൂള്‍ തലത്തില്‍ തന്നെ മനസിലാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ അഭിരുചി അവരേക്കൂടാതെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നേരത്തെ മനസിലാക്കുകയെന്നാണ് പദ്ധതിയുടെ ലക്ഷ്യം.
‘തമന്ന’(TAMANNA-Try And Measure Aptitude And Natural Abilities) എന്നു പേരിട്ടിരിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനും(സിബിഎസ്ഇ) നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങും(എന്‍സിആര്‍ടി) സംയുക്തമായാണ്.
തമന്നയിലൂടെ ലാംഗ്വേജ് ആപ്റ്റിറ്റിയൂഡ്(എല്‍എ), അബ്സ്ട്രാക്റ്റ് റീസണിംഗ്(എആര്‍), വെര്‍ബല്‍ റീസണിംഗ്(വിആര്‍),മെക്കാനിക്കല്‍ റീസണിംഗ്(എംആര്‍), ന്യൂമെറിക്കല്‍ ആപ്റ്റിറ്റിയൂഡ്(എന്‍എ), സ്പേഷ്യല്‍ ആപ്റ്റിറ്റിയൂഡ്(എസ്എ), പെര്‍സെപ്ച്വല്‍ ആപ്റ്റിറ്റിയൂഡ്(പിഎ) എന്നി ഏഴ് വ്യത്യസ്ത അഭിരുചികളാണ് പരിശോധിക്കുക.
രാജ്യവ്യാപകമായി ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന 17,000 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് സിബിഎസ്ഇ പരീക്ഷാണാടിസ്ഥാനത്തില്‍ അഭിരുചി പരീക്ഷ നടത്തിയിരുന്നു.
മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ (എംഎച്ച്ആര്‍ഡി) കൂടി സഹകരണത്തോടെയാണ് തമന്ന നടപ്പാക്കുന്നത്. അഭിരുചി പരീക്ഷയില്‍ ജയ-പരാജയങ്ങള്‍ ഇല്ലെന്നും വിദ്യാര്‍ഥികളുടെ പ്രത്യേക കഴിവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവര്‍ മനസിലാക്കണമെന്ന് എംഎച്ച്ആര്‍ഡി പറയുന്നു. താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്വമേധയാ പരീക്ഷയില്‍ പങ്കെടുക്കാം, ഏതെങ്കിലും പ്രത്യേക വിഷയമോ കോഴ്സുകളോ തൊഴില്‍ മേഖലയോ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഉപയോഗിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
Discussion about this post