ഇന്ദിരാഗാന്ധി അനുസ്മരണം നടക്കുന്നതിനിടെ എറണാകുളം ഡിസിസിയില്‍ കയ്യാങ്കളി. കൊച്ചി മേയറെ മാറ്റുന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. മേയർ സൗമിനി ജെയിനെ മാറ്റണണെന്നാവശ്യപ്പെട്ട് ബ്ലോക്ക് വൈസ് പ്രസിഡന്റ് നോര്‍മന്‍ ജോസഫ് രംഗത്തെത്തിയതോടെയാണ് ചടങ്ങ് അലങ്കോലമായത്.
ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങില്‍ എന്‍.വേണുഗോപാല്‍ സംസാരിച്ച് കഴിഞ്ഞ ഉടനെയാണ് അപ്രതീക്ഷിതമായി നോര്‍മന്‍ ജോസഫ് മേയറെ ഉടന്‍ മാറ്റണമെന്ന് എണീറ്റ് നിന്ന് കൊണ്ട് ആവശ്യപ്പെട്ടത്. ഈ മേയറെ വെച്ച് കൊണ്ട് ഇനിയും മുന്നോട്ട് പോകാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.
അനുസ്മരണ സമ്മേളനത്തിനിടെ അപ്രതീക്ഷിത ആവശ്യത്തില്‍ ചടങ്ങില്‍ പങ്കെടുത്തവരെല്ലാം സ്തബ്ദരായി. കെ.ബാബു, കെ.വി.തോമസ്, ഡൊമനിക് പ്രസന്റേഷന് തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ ചടങ്ങിലുണ്ടായിരുന്നു.
മേയര്‍ താനടക്കമുള്ള നേതാക്കളോട് പോലും മാന്യമായി പെരുമാറുന്നില്ല എന്നടക്കമുള്ള കാര്യങ്ങള്‍ നോര്‍മന്‍ ജോസഫ് ഉന്നയിച്ചു. തുടര്‍ന്ന് ഇയാളെ പിടിച്ച് മാറ്റാന്‍ മറ്റു നേതാക്കള്‍ ശ്രമിച്ചപ്പോള്‍ അവരെ തള്ളി മാറ്റുകയായിരുന്നു. തുടര്‍ന്ന് ഉന്തും തള്ളുമായി ചടങ്ങ് കയ്യാങ്കളിയിലെത്തി.
Discussion about this post