പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് ഇഷ്ടം പൊലെ പരോള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. നിയമസഭയിൽ രേഖാമൂലം നൽകിയ ഉത്തരത്തിലാണ് 11 പ്രതികള്‍ക്ക് പരോള്‍ നൽകിയതിന്‍റെ വിശദാംശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അറിയിച്ചത്.
ഏറ്റവും കൂടുതൽ ദിവസം പരോള്‍ കിട്ടിയത് സിപിഎം പാനൂർ ഏര്യാ കമ്മിറ്റി അംഗമായ പ്രതി കുഞ്ഞനന്തനാണ് . 257 ദിവസമാണ് സര്‍ക്കാര്‍ കുഞ്ഞനന്തന് പരോള്‍ അനുവദിച്ചത്. സാധാരണ പരോള്‍ 135 ദിവസവും, വിവിധ ആവശ്യങ്ങള്‍ക്കായി അടിയന്തര പരോള്‍ 122 ദിവസവും കിട്ടിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. അസുഖബാധിതനായ കുഞ്ഞനന്തൻ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സിപിഎം നേതാവും ഗൂഢാലോചനയിൽ പ്രതിയുമായ കെ സി രാമചന്ദ്രൻ 205 ദിവസം ഈ സർക്കാർ വന്നതിന് ശേഷം പരോളിലിറങ്ങിയിട്ടുണ്ട്. 185 ദിവസം സാധാരണ പരോളും 20 ദിവസത്തെ അടിയന്തിര പരോളുമാണ് കെസി രാമചന്ദ്രന് കിട്ടിയത്.
ആറാം പ്രതിയ സിജിത്തിന് 186 ദിവസത്തെ പരോളാണ് കിട്ടിയത്. പരോളിലിറങ്ങി സിപിഎം നേതാക്കൾക്കൊപ്പം വിവാഹ സത്കാര വേദി പങ്കിട്ട് വിവാദത്തിലായ മുഹമ്മദ് ഷാഫി 145 ദിവസമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 45 ദിവസം ഷാഫിക്ക് അടിന്തര പരോൾ കിട്ടിയെന്നാണ് രേഖ. 125 ദിവസമാണ് റഫീക്കിന് പരോള്‍ ലഭിച്ചത്.
കിർമാണി മനോജിനും അനൂപിനും 120 ദിവസം പരോള്‍ ലഭിച്ചു. ഷിനോജിന് 105 ദിവസം പരോള്‍ കിട്ടിയപ്പോൾ ഗൂഢാലോചനയിൽ പങ്കെടുത്ത സിപിഎം കുന്നോത്ത് പറമ്പ് ബ്രാഞ്ച് മുൻ സെക്രട്ടറി മനോജിന് 117 ദിവസം പരോള്‍ ലഭിച്ചു. ടി കെ രജീഷിന് 90 ദിവസവും ഒന്നാം പ്രതി സുനിൽകുമാറിന് 60 ദിവസവുമാണ് പരോൾ നൽകിയത്.
Discussion about this post