ധർമ്മശാല: ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായ അടിത്തറയിൽ കെട്ടിപ്പടുത്തതാണെന്നും ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാൻ അതിന് ശേഷിയുണ്ടെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ. അടുത്ത വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7 ശതമാനമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശിൽ നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിൽ മുൻപന്തിയിലാണ് ഇന്ത്യയെന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറയ്ക്ക് ഇളക്കമൊന്നും തട്ടിയിട്ടില്ലെന്നും കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര നാണയ നിധിയും മറ്റ് അന്തരാഷ്ട്ര സാമ്പത്തിക സംവിധാനങ്ങളും ഇത് അടിവരയിടുന്ന വിവരങ്ങളാണ് പുറത്ത് വിടുന്നതെന്നും സർക്കാർ പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഈ സാമ്പത്തിക വർഷത്തിൽ 6.1 ശതമാനവും 2020ൽ 7 ശതമാനവും ആയിരിക്കുമെന്ന് അന്തരാഷ്ട്ര നാണയ നിധി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സമ്പദ് ഘടനയെ ശാക്തീകരിക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ സ്വീകരിച്ച പരിഷ്കരണ നയങ്ങൾ വിജയം കാണുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിജീവിക്കുമെന്ന് വിവിധ സാമ്പത്തിക ഏജൻസികൾ നടത്തിയ പഠനങ്ങളിലും സൂചനയുണ്ട്.
Discussion about this post