ഇന്‍ഡോര്‍:ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഇരട്ടസെഞ്ചുറി കുറിച്ചു. കരിയറിലെ എട്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന മായങ്കിന്റെ രണ്ടാമത്തെ ഇരട്ട സെഞ്ചുറിയാണിത്.
100 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 403 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇന്ത്യ. മായങ്ക് 230റണ്‍സോടെയും രവീന്ദ്ര ജഡേജ 22 റണ്‍സോടെയും ക്രീസില്‍. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും 94റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്ക് ഇപ്പോള്‍ 253 റണ്‍സിന്റെ ലീഡുണ്ട് രോഹിത് ശര്‍മ (ആറ്), ചേതേശ്വര്‍ പൂജാര (54), വിരാട് കോലി (0), അജിന്‍ക്യ രഹാനെ (86) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്.
304 പന്തില്‍ 25 ഫോറും അഞ്ച് സിക്സും സഹിതമാണ് മായങ്ക് കരിയറിലെ രണ്ടാം ഇരട്ടസെഞ്ചുറിയിലേക്ക് എത്തിയത്. ഇതോടെ ഏറ്റവും കുറവ് ഇന്നിങ്സുകളില്‍നിന്ന് രണ്ട് ഇരട്ടസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി അഗര്‍വാള്‍ മാറി. രാജ്യാന്തര ക്രിക്കറ്റിലെ 12-ാം ഇന്നിങ്സിലാണ് അഗര്‍വാള്‍ ഇരട്ടസെഞ്ചുറി തൊട്ടത്. അഞ്ചാം ഇന്നിങ്സില്‍ രണ്ടാം ഇരട്ടസെഞ്ചുറി നേടിയ ഇന്ത്യക്കാരന് തന്നെയായ വിനോദ് കാംബ്ലിയാണ് മുന്നില്‍. 13-ാം ഇന്നിങ്സില്‍ രണ്ടാം ഇരട്ടസെഞ്ചുറി നേടിയ ഡോണ്‍ ബ്രാഡ്മാന് പിന്നിലായി.
അതേസമയം, അഗര്‍വാളിന് ഉറച്ച പിന്തുണയുമായി ക്രീസില്‍ നിന്ന അജിന്‍ക്യ രഹാനെയ്ക്ക് സെഞ്ചുറി നഷ്ടമായത് ചെറിയ നിരാശ പടര്‍ത്തി. 172 പന്തില്‍ ഒന്‍പതു ഫോര്‍ സഹിതം 86 റണ്‍സെടുത്ത രഹാനെയെ അബു ജായേദാണ് പുറത്താക്കിയത്.
Discussion about this post