തിരുവനന്തപുരം: പ്രേമം എന്ന സിനിമയുടെ പകര്‍പ്പ് ചോര്‍ത്തിയതായുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡിലെ മൂന്ന് താല്‍ക്കാലിക ജീവനക്കാരെ ആന്റി പൈറസി സെല്‍ അറസ്റ്റു ചെയ്തു. അരുണ്‍, ലിജന്‍, കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.ഇവരെ ചോദ്യം ചെയ്തു വരികയാണ്.
കൃത്യമായ സങ്കേതിക തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ആന്റിപൈറസി സെല്‍ ഡി.വൈ.എസ്.പി എം. ഇക്ബാല്‍ അറിയിച്ചു.
താല്‍ക്കാലിക ജീവനക്കാരന്റെ കൈവശമാണ് സിനിമയുടെ സിഡി നല്‍കിയത്. ഇയാളും മറ്റുള്ളവരും സിനിമയുടെ പകര്‍പ്പ് എടുത്തു. പിന്നീട് ഇയാളുടെ സുഹൃത്ത് ഗള്‍ഫിലേക്ക് പോകുമ്പോള്‍ പെന്‍ഡ്രൈവില്‍ പകര്‍ത്തി നല്‍കി. ഈ സുഹൃത്ത് ഗള്‍ഫില്‍ നിന്ന് നാട്ടിലുള്ള ഒരാള്‍ക്ക് ചിത്രത്തിന്റെ ക്ലിപിംഗ്‌സുകള്‍ വാട്‌സ് അപ് വഴി അയച്ച് നല്‍കി. ഇത് സംയോജിപ്പിച്ചയാളെയും പോലിസ് പിടികൂടിയിട്ടുണ്ട്. അന്‍പതോളം പേര്‍ക്കെതിരെ കേസെടുക്കുമെന്ന് ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഐടി ആക്ട് പ്രകാരവും വിശ്വാസ വഞ്ചനകുറ്റം പോലുള്ള വകുപ്പുകള്‍ ചുമത്തിയും ആകും കേസെടുക്കുക.
പ്രേമം സിനിമയുടെ കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിച്ച കേസില്‍ പൊലീസ് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കുകള്‍, മൊബൈല്‍ ഫോണ്‍, ഡിവിഡി എന്നിവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. സിനിമയുടെ എഡിറ്റിങ് നടന്ന തിരുവനന്തപുരം, കൊച്ചി, ചെന്നൈ എന്നീ സ്റ്റുഡിയോകളില്‍ നിന്നു പിടിച്ചെടുത്ത 32 ഹാര്‍ഡ് ഡിസ്‌കുകള്‍, ഡി.വി.ഡികള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് ആന്റി പൈറസി സെല്‍ പരിശോധിക്കുന്നത്.
സെന്‍സര്‍ ബോര്‍ഡിന്റെ മുദ്രയുള്ള പ്രേമം സിനിമയുടെ പതിപ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. സിനിമയുടെ സെന്‍സര്‍ കോപ്പി എങ്ങനെ ചോര്‍ന്നെന്നും ഇത് എവിടെ നിന്നൊക്കെയാണ് ഇന്റര്‍നെറ്റിലേക്ക് അപ്ലോഡ് ചെയ്തതെന്നുമാണ് ആന്റി പൈറസി സെല്‍ അന്വേഷിക്കുന്നത്.
അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത സിനിമ ചോര്‍ന്നത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
Discussion about this post