ഡല്‍ഹി: ബിജെപിയുടെ പ്രമുഖ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പൗരത്വ ഭേദഗതി ബില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കുന്ന പൗരത്വ ഭേദഗതി ബില്‍ പാസാക്കാനാണ് നീക്കം. ആറുവര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലദേശ്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ, പാഴ്സി മതവിശ്വാസികള്‍ക്ക് രേഖകളൊന്നുമില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.
ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ മുന്‍ ഭരണകാലത്തും ബില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തെ ത്തുടര്‍ന്ന് നടപ്പാക്കാന്‍ കഴിഞ്ഞില്ല.
മതപരമായ കാരണങ്ങളാല്‍ ബില്ലിനെ വിവേചനപരമാണെന്ന് അന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ബില്‍ അസാധുവായി. 2016ല്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലിനെതിരെ ഇടത് -ഇസ്ലാമിക വിദ്യാര്‍ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹികസാംസ്കാരിക സംഘടനകളും രംഗത്തെത്തിയിരുന്നു.
നവംബര്‍ 18 മുതല്‍ ഡിസംബര്‍ 13 വരെയാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം. ബില്ലിനോട് ശിവസേന സ്വീകരിക്കുന്ന നിലപാടും ഏറെ ശ്രദ്ധേയമാകും. പൗരത്വ നിയമ ഭേദഗതിയെ ശക്തമായി പിന്തുണക്കുന്ന പാര്‍ട്ടിയാണ് ശിവസേന. എന്നാല്‍ ഇപ്പോള്‍ സഖ്യകക്ഷിയാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും എന്‍സിപിയും എതിര്‍പക്ഷത്താണ്. അതേസമയം മുത്തലാഖ് ബില്‍ പാസാക്കിയതിന് സമാനമായി ചെറുകക്ഷികളുടെയും മറ്റും സഹായത്തോടെ ഭേദഗതി പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം.
Discussion about this post