ഡൽഹി: മഹാരാഷ്ട്രയിൽ ബിജെപി- ശിവസേന സഖ്യം തന്നെ സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായി കേന്ദ്രമന്ത്രി രാംദാസ് അത്താവ്ലേ.
മഹാരാഷ്ട്രയിൽ മദ്ധ്യസ്ഥത വഹിക്കാൻ താൻ അമിത് ഷായോട് ആവശ്യപ്പെട്ടു. വിഷമിക്കാതിരിക്കൂ, മഹാരാഷ്ട്രയിൽ ബിജെപി- ശിവസേന സഖ്യം തന്നെ സർക്കാർ രൂപീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അമിത് ഷാ പറഞ്ഞുവെന്നാണ് അത്താവ്ലെ അവകാശപ്പെട്ടിരിക്കുന്നത്.
ദേവേന്ദ്ര ഫഡ്നവിസിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൽ എതിർപ്പ് പറയാതിരുന്ന ശിവസേന ഫലം വന്നപ്പോൾ നിലപാട് മാറ്റിയത് ഇരട്ടത്താപ്പാണെന്ന് അമിത് ഷാ വിമർശിച്ചിരുന്നു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 288 സീറ്റിൽ 105 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ ശിവസേന 56 സീറ്റുകൾ നേടി രണ്ടാമതെത്തിയിരുന്നു. സർക്കാർ രൂപീകരണത്തിന് 145 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം. സർക്കാരുണ്ടാക്കാനുള്ള ഗവർണ്ണറുടെ ക്ഷണം ശിവസേനയുടെ നിലപാട് മാറ്റത്തെ തുടർന്ന് ബിജെപി നിരസിച്ചിരുന്നു. തുടർന്ന് കോൺഗ്രസ്സുമായും എൻസിപിയുമായും ചേർന്ന് സർക്കാർ രൂപീകരിക്കാൻ ശിവസേന ശ്രമിച്ചിരുന്നുവെങ്കിലും അനിശ്ചിതത്വം തുടർന്ന സാഹചര്യത്തിൽ ഗവർണ്ണർ രാഷ്ട്രപതി ഭരണത്തിന് ശുപാർശ നൽകുകയായിരുന്നു.
Discussion about this post