കൊച്ചി: ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രികരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശം നല്കി ഹൈക്കോടതി. റോഡിലേക്ക് കയറിനിന്ന് ഗതാഗതം തടയുന്ന സമ്പ്രദായം ഒഴിവാക്കണമെന്നും നിയമലംഘകരെ പിടിക്കാന്‍ നൂതനസാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. 2012-ലെ ഡിജിപിയുടെ സര്‍ക്കുലര്‍ പാലിക്കണമെന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. മലപ്പുറം സ്വദേശി നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം.
നിയമലംഘനം കണ്ടെത്താന്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കണം. ക്യാമറകള്‍ ഉപയോഗിച്ച് ഇവരെ കണ്ടെത്താനും ഇവരില്‍ നിന്ന് പിഴ ഈടാക്കാനും കഴിയും. റോഡിന് നടുവില്‍ നിന്നുള്ള വാഹന പരിശോധന വേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
മലപ്പുറം സ്വദേശി ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തപ്പോള്‍ പോലീസ് കൈകാണിച്ചിരുന്നു. എന്നാല്‍ വണ്ടി നിര്‍ത്താതെ പോവുകയും മറ്റൊരു വാഹനത്തിലിടിച്ച് അപകടമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എത്തിയപ്പോഴാണ് കോടതി പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന നാല് വയസിനു മുകളിലുള്ളവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിയമം സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post