കോഴിക്കോട് : സംസ്ഥാനത്ത് ചൂട് കടുത്തതോടെ പനി കേസുകൾ വർദ്ധിക്കുന്നു. കോഴിക്കോടാണ് പനി കേസുകൾ വ്യാപകമാവുന്നത്. ഇത് കൂടാതെ ഡെങ്കിപ്പനി മഞ്ഞപ്പിത്തം എന്നീ രോഗങ്ങളും ജനങ്ങളെ ആശങ്കയിൽ ആക്കുന്നുണ്ട്. ജില്ലയിൽ രണ്ടാഴ്ച്ചക്കിടെ 8500 പേരാണ് സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത് എന്നാണ് വിവരം.
പനി ബാധിച്ച് ശരാശരി 250 ലധികം ആളുകളാണ് ഒരു ദിവസം സർക്കാർ ആശുപത്രികളിയിലെത്തുന്നത്. ബുധനാഴ്ചയാണ് ഏറ്റവും കൂടുതൽ ആളുകൾ പനിക്ക് ചികിത്സ തേടിയെത്തിയത്. 821 പേരാണ് അന്ന് മാത്രം ആശുപത്രികളിലെത്തിയിരിക്കുന്നത്. ഇതിന് പുറമെ സ്വകാര്യ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. വിട്ടുമാറാത്ത ചുമയും ജലദോഷവും കടുത്ത ക്ഷീണവുമാണ് നിലവിൽ പടരുന്ന പനിയുടെ പ്രധാന ലക്ഷണങ്ങൾ.
പനിക്ക് പുറമേ 44 ഡെങ്കിപ്പനി കേസുകളും, 21 മഞ്ഞപ്പിത്ത കേസുകളുമാണ് ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്തത്. മലയോര മേഖലകളിലാണ് ഡെങ്കിപ്പനി പ്രധാനമായും വ്യാപിക്കുന്നത്. ചൂട് വർദ്ധിച്ചതോടെ ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് മഞ്ഞപ്പിത്തം പടരാനുള്ള പ്രധാന കാരണം. ഇനിയും ജാഗ്രത ഇല്ലെങ്കിൽ മഞ്ഞപ്പിത്തംപടരാനുള്ള സാദ്ധ്യത വളരെ കൂടുതലാണന്നും അധികൃതർ അറിയിച്ചു.












