കാൻസറിനോട് മല്ലിട്ട നാളുകളേക്കുറിച്ചും അതിജീവനത്തേക്കുറിച്ചുമുള്ള അനുഭവങ്ങൾ പങ്കുവച്ച് ബോളിവുഡ് നടി മനീഷ കൊയ്രാള. മരിക്കുമെന്ന് തന്നെയാണ് കരുതിയിരുന്നത്. ജീവിതത്തേക്കുറിച്ച് സ്വപ്നം കാണാൻ പോലും ഭയമായിരുന്നു. വധശിക്ഷയ്ക്ക് സമാനമായാണ് ആ ദിവസങ്ങളില്‍ അനുഭവപ്പെട്ടതെന്നും മനീഷ പറഞ്ഞു.
‘ജീവിക്കുന്ന നിമിഷത്തിനപ്പുറം സ്വപ്നം കാണാൻ ഭയമായിരുന്നു. മരിക്കാൻ പോവുകയാണെന്നാണ് കരുതിയത്. അടുത്ത പത്തുവർഷമോ, അഞ്ചുവർഷമോ ജീവിച്ചിരിക്കുമെന്ന് സ്വപ്നം കാണാൻ പോലും ഭയമായിരുന്നു. ഇപ്പോഴും ഭയമാണ്. കാൻസർ എന്നെ അത്രത്തോളം സ്വാധീനിച്ചു. വധശിക്ഷയ്ക്ക് സമാനമായാണ് അനുഭവപ്പെട്ടത്. ദൈവാനുഗ്രഹത്താൽ എല്ലാം ശരിയായി’- താരം പറഞ്ഞു.
ആരോഗ്യത്തെ അങ്ങനെ നിസ്സാരമാക്കി ഇപ്പോൾ വിടാറില്ല. കാൻസറാണെന്ന് അറിഞ്ഞപ്പോൾ മുതൽ, അർബുദത്തിന്റെ വൈകിയ സ്റ്റേജിലും അതിജീവിച്ചുവന്നവരെക്കുറിച്ചുള്ള പ്രചോദനാത്മകമായ വാർത്തകൾ അന്വേഷിക്കുക പതിവായിരുന്നു. എന്നാൽ, അത്തരത്തിലുള്ള കഥകളൊന്നും തനിക്ക് കിട്ടിയില്ല. പകരം കണ്ടത് മുഴുവന്‍ വിഷമിപ്പിക്കുന്ന കഥകൾ മാത്രമാണ്. എവിടെ ചെന്നാലും അത്തരത്തിലുള്ള കഥകൾ ഉണ്ടാകും. അർബുദത്തിനുശേഷം ജീവിച്ചിരിക്കുന്നവരേക്കുറിച്ച് അധികം കഥകളൊന്നും താൻ കണ്ടിരുന്നില്ല. അതുകൊണ്ടാണ്, തനിക്കൊരു പുനര്‍ജ്ജന്മം ഉണ്ടായാല്‍ തന്റെ അനുഭവ കഥ ലോകത്തോട് പറയുമെന്ന് തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി.
കാൻസർ അതിജീവനം നല്ലൊരു അനുഭവമായിരുന്നു എന്നല്ല പറയുന്നത്, അത് മാനസികാഘാതം ഉണ്ടാക്കിയ കാര്യം തന്നെയാണ്. പക്ഷേ താൻ അതിനുശേഷം നന്നായി ജീവിക്കുന്നു എന്നതാണ് പ്രധാനം. ആർക്കും ഇതുപോലെ ജീവിക്കാനാവും എന്നാണ് അതിനര്‍ത്ഥം. വിശ്വാസം ഉണ്ടായിരിക്കുക, പ്രതീക്ഷ കൈവിടാതിരിക്കുക എന്നതായിരുന്നു തന്നെ മുന്നോട്ടുകൊണ്ടുപോയ ഘടകങ്ങൾ. നല്ല ഡോക്ടറെ കണ്ടെത്തുകയും ശരിയായ കാര്യങ്ങൾ ചെയ്യുകയും വേണം. നിങ്ങളെ താഴ്ത്തിക്കെട്ടുന്ന ആളുകൾക്കൊപ്പം ആകാതിരിക്കുക. അത് കാൻസറെന്നല്ല, സമ്പത്തിക പ്രതിസന്ധിയോ, ബന്ധങ്ങളിലെ പ്രതിസന്ധിയോ, ജോലിയിലെ ബുദ്ധിമുട്ടുകളോ ആണെങ്കിൽപ്പോലും എന്നും മനീഷ കൂട്ടിച്ചേര്‍ത്തു.
Discussion about this post