ഫ്രാൻസിൽ നിന്നു വാങ്ങുന്ന മൂന്ന് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറിയതായും വ്യോമസേന പൈലറ്റുമാരെയും സാങ്കേതിക വിദഗ്ധരെയും പരിശീലിപ്പിക്കുന്നതിനായി ഇത് ഉപയോഗിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയും ഫ്രാൻസും 36 റാഫേൽ ജെറ്റുകൾക്കായി 2016 സെപ്റ്റംബറിൽ 7.87 ബില്യൺ യൂറോ (ഏകദേശം 59,000 കോടി രൂപ) കരാർ ഒപ്പിട്ടിരുന്നു. ഒക്ടോബർ 8 ന് ആദ്യത്തെ റഫാൽ ജെറ്റ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. നാല് റാഫേൽ ജെറ്റുകളുടെ ആദ്യ ബാച്ച് 2020 മെയ് മാസത്തോടെയാണ് ഇന്ത്യയിലെത്തുക.
റാഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ സ്ക്വാഡ്രൺ ഹരിയാനയിലെ അംബാല വ്യോമതാവളം ആസ്ഥാനമാകുമെന്നാണ് അറിയുന്നത്. മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാകുന്ന മധ്യദൂര ബഹുദൗത്യ പോർവിമാനമായ റാഫേലിന്റെ ആദ്യബാച്ചിനെ പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന തന്ത്രപ്രധാന വ്യോമതാവളത്തിലാണു വിന്യസിക്കുന്നത്.
36 യുദ്ധവിമാനങ്ങളിൽ 18 എണ്ണമാണ് അംബാലയിലെ ‘ഗോൾഡൻ ആരോസ്’ എന്നു പേരിടുന്ന ആദ്യ സ്ക്വാഡ്രണിലുണ്ടാകുക. ബാക്കി 18 എണ്ണത്തിന്റെ സ്ക്വാഡ്രൺ ബംഗാളിലെ ഹാസിമാറ വ്യോമതാവളത്തിലാണു പ്രവർത്തിക്കുക. ഇവിടെയും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
Discussion about this post