കൊച്ചി: കനകമല ഐഎസ് കേസില്‍ കോടതി ബുധനാഴ്ച ശിക്ഷാ വിധി പറയും. കേസില്‍ ആറ് പേര് കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷയാണ് ബുധനാഴ്ച വിധിക്കുന്നത്. കേസില്‍ ആറാം പ്രതി എന്‍കെ ജാസിമിനെ കോടതി വെറുതെ വിട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറുപേര്‍ക്കെതിരെയും കോടതി യുഎപിഎ വകുപ്പും ചുമത്തി.
ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച രണ്ടു കുറ്റപത്രങ്ങളിലായി മന്‍സീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ് നങ്കീലന്, സ്വാഫാന്‍, സുബഹാനി ഹാജ മൊയ്തീന് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ആഗോള ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് 2016-ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍ ഒത്തു ചേര്‍ന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നതാണ് ഇവര്‍ക്കെതിരായ കേസ്. കലാപ ലക്ഷ്യത്തോടെ കേരളത്തില്‍ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ പ്രതികള്‍ ആസൂത്രണം നടത്തിയതായി അന്വേഷണത്തില്‍ എന്‍ഐഎ കണ്ടെത്തിയിരുന്നു.
കേസിലെ ഒരു പ്രതി ഷജീര്‍ അഫ്ഗാനില്‍ വെടിയേറ്റു മരിച്ചെന്നാണ് പറയപ്പെടുന്നത്. 70 സാക്ഷികളെ കേസില്‍ കോടതി വിസ്തരിച്ചു. രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്, രാഷ്ട്രീയ പ്രമുഖര്‍, ചില വിദേശികള്‍ എന്നിവരെ വധിക്കാനും പൊതുസ്ഥലങ്ങളില്‍ ആക്രമണം നടത്താനുമായിരുന്നു പ്രതികളുടെ പദ്ധതി.
Discussion about this post