ശബരിമല സന്ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയുടേയും സംഘത്തിന്‍റെയും നടപടിയിൽ പ്രതികരണവുമായി ശബരിമല കർമ്മസമിതി. ഈ വർഷം ശബരിമല തീർത്ഥാടനം വളരെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തിൽ നടന്നുവരികയാണ്. ഈ സാഹചര്യത്തിൽ ഭക്തജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് പല ആക്ടിവിസ്റ്റുകളും ആചാരലംഘനത്തിന് ശ്രമിക്കുന്നതിന് പിന്നിൽ കൃത്യമായും ഒരു ഗൂഢാലോചനയുണ്ട്. ഇത് അന്വേഷിക്കണമെന്ന് ശബരിമല കർമ്മസമിതി ആവശ്യപ്പെട്ടു.
ആചാരലംഘനത്തിന് എത്തുന്ന യുവതികളെ ഒരു കാരണവശാലും അതിന് അനുവദിക്കില്ല എന്ന് കേരള സർക്കാർ ആവർത്തിച്ച് പറയുമ്പോഴും ഇന്ന് ശബരിമലക്ക് പോകാൻ തയ്യാറായി വന്ന ആക്ടിവിസ്റ്റുകളെ ഉടൻ തന്നെ മടക്കി അയക്കാൻ വേണ്ട ഒരു നടപടിയും എടുത്തിട്ടില്ലെന്നും ശബരിമല കർമ്മസമിതി കുറ്റപ്പെടുത്തി.
യുവതികളെ പിന്തിരിപ്പിച്ച് മടക്കി അയക്കാൻ പോലീസിന്റെ ഭാഗത്തു നിന്നും ഒരു നീക്കവും ഉണ്ടാകുന്നില്ലെന്ന ഒരു ആശങ്ക ഭക്തജനങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് സംസ്ഥാനത്ത് ഇതുവരെ നിലനിന്നുപോന്ന സമാധാനപരമായ അന്തരീക്ഷത്തിന് ഭംഗം വരാൻ ഇടയാക്കുമെന്നും കർമ്മസമിതി ആശങ്ക പങ്കുവെച്ചു.
വിഷയത്തിന്റെ ഗൗരവം മനസിലാക്കി എത്രയും പെട്ടന്ന് ഈ ആക്ടിവിസ്റ്റുകളെ മടക്കി അയക്കാൻ കേരള സർക്കാരും പോലീസും തയ്യാറാകണം. മടങ്ങിപ്പോകാൻ തയ്യാറാകുന്നില്ലെങ്കിൽ ക്രമസമാധാന ലംഘനത്തിന് ഇടയാക്കുന്ന അവരെ അറസ്റ്റ് ചെയ്ത് വേണ്ട നിയമനടപടികൾ സ്വീകരിക്കണമെന്നും സമിതി വ്യക്തമാക്കി.
ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കാൻ കേരള സർക്കാരും പോലീസും തയ്യാറാകണമെന്നും ശബരിമല കർമ്മസമിതി ആവശ്യപ്പെട്ടു.
Discussion about this post