കൊച്ചി കമ്മീഷണര്‍ ഓഫിസിന് മുന്നില്‍ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ വീണ്ടും നാമജപം തുടങ്ങി. തൃപ്തി ദേശായി ഇനിയും മടങ്ങി പോകാത്തതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള കര്‍മ്മസമിതി പ്രവര്‍ത്തകര്‍ രാത്രിയോടെ തിരിച്ചെത്തി നാമജപം തുടങ്ങിയത്. ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയെ തിരിച്ചയക്കുമെന്ന് പോലിസ് ഉറപ്പ് നല്‍കിയതിന് പിറകെ ഇന്ന് ഉച്ചയോടെ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയിരുന്നു. എന്നാല്‍ രാത്രിയായിട്ടും തൃപ്തി ദേശായിയും സംഘവും തിരിച്ച് പോകാത്തതാണ് വീണ്ടും പ്രതിഷേധത്തിന് ഇടയാക്കിയത്.
ശബരിമലയിലേക്ക് പോകുമെന്ന് ചൂണ്ടിക്കാട്ടി തൃപ്തി ദേശായി പോലിസുമായി വിലപേശുകയാണെന്നും ഇതില്‍ ഭക്തര്‍ക്ക് ആശങ്കയുണ്ടെന്നും പ്രതിഷേധത്തിനെത്തിയ ബിജെപി നേതാവ് സി.ജി രാജഗോപാല്‍ പറഞ്ഞു. കഴിയുന്നതും വേഗം ഇവരെ തിരിച്ചയക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാത്രി 12 മണിക്ക് സംഘത്തെ പൂനെയിലേക്ക് തിരിച്ചയക്കുമെന്ന് പോലിസ് അറിയിച്ചു. ഒരാള്‍ക്ക് ഡല്‍ഹിയിലേക്ക് പോകണമെന്നാണ് പറയുന്നതെന്നും പോലിസ് പറഞ്ഞു. ശബരിമല കയറാന്‍ തൃപ്തി ദേശായിയെ അനുവദിക്കില്ലെന്ന് പോലിസ് വീണ്ടും വ്യക്തമാക്കി.
Discussion about this post